വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്.
സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം കേരളീയ സാരിയിലാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് റോബർട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാൻ പാർലമെൻറിലെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാർലമെൻറിലെത്തുന്നത് കോൺഗ്രസിന് കരുത്താകും.
-------------------aud--------------------------------
മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രവീന്ദ്രവസന്ത് റാവുവും സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു. പ്രതിഷേധദിനത്തിലാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. വയനാടിനുള്ള സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിലും പ്രിയങ്ക പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. പ്രിയങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു. വോട്ടർമാർക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും. ഉപതെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്.എം.എൽ.എമാരായ ടി.സിദ്ദീഖ്, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, ഐ.സി. ബാലകൃഷ്ണൻ, വയനാട്, കോഴിക്കോട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധികളുമടങ്ങിയ സംഘമാണ് വയനാട് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രിയങ്കക്ക് വിജയ പത്രം കൈമാറിയത്.
സത്യപ്രതിജ്ഞാ ചടങ്ങിലും ഇവർ പങ്കെടുത്തു. വയനാട്ടിലെ വിജയപത്രം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും കൂടി പ്രതീകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് പ്രിയങ്ക പ്രതിനിധി സംഘവുമായി ചർച്ച ചെയ്തു. വിഷയം ലോക്സഭയിൽ ഉടൻ ഉന്നയിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
© Copyright 2024. All Rights Reserved