തെലങ്കാനയിൽ 45കാരൻ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഗുരു മൂർത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.
-----------------------------
ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയത്. അന്വേഷണത്തിനിടെ ഭർത്താവിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗുരു മൂർത്തി കുളിമുറിയിൽ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടർന്ന് പ്രഷർ കുക്കറിലിട്ട് വേവിച്ചു. തുടർന്ന് അസ്ഥികൾ വേർപെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങൾ പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ തള്ളിയതായി റിപ്പോർട്ടിൽ പറയുന്നു.
മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിആർഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവർക്കുമായി രണ്ട് കുട്ടികൾ ഉണ്ട്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.
© Copyright 2024. All Rights Reserved