വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പോത്തുണ്ടി ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തെ കുറിച്ച് കൂസലില്ലാതെ ചെന്താമര എല്ലാം പറഞ്ഞു. അയൽവാസി പുഷ്പയെ കൊല്ലാൻ പറ്റാത്തതിലുള്ള നിരാശ പ്രകടിപ്പിച്ച് പ്രതി ചെന്താമരയുടെ മൊഴി.
-------------------aud----------------------------
ആലത്തൂർ ഡിവൈ.എസ്.പിയുടെ ചോദ്യം ചെയ്യലിലാണ് തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ പുഷ്പയാണെന്നും, അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞത്. താൻ പുറത്തിറങ്ങാതിരിക്കാൻ പരാതി നൽകിയവരിൽ പുഷ്പയുമുണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പുഷ്പ രക്ഷപ്പെട്ടതായും മൊഴി നൽകിയതായി അറിയുന്നു. അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ രീതി പ്രതി പൊലീസിനോട് വിവരിച്ചു. കൊലപാതകശേഷം മുൾവേലി കടന്ന് പാടവും കനാലും വഴി രക്ഷപ്പെട്ടതും രാത്രിയാകുംവരെ പ്രദേശത്ത് ഒളിച്ചിരുന്നതും പിന്നീട് മല കയറിയതുമെല്ലാം വിശദീകരിച്ചു. ആരെയും കൂസാതെ നിന്ന പ്രതിയുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായില്ല. വീടിനകത്ത് ആയുധങ്ങൾ സൂക്ഷിച്ച സ്ഥലത്തെത്തിച്ചും തെളിവെടുത്തു. തിരിച്ച് കൊണ്ടുപോകുന്നതിനിടെ അയൽവാസി പുഷ്പക്കും അമ്മ വസന്തക്കും പ്രതിയെ കാണിച്ചുകൊടുത്തു. 45 മിനിറ്റുകൾക്കുശേഷം ചെന്താമരയെ തിരികെ കൊണ്ടുപോയി. ആയുധം വാങ്ങിയ എലവഞ്ചേരിയിലെ വിൽപനകേന്ദ്രത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തി. ചെന്താമരയെ കച്ചവടക്കാർ തിരിച്ചറിഞ്ഞു. തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് വിയ്യൂർ ജയിലിൽനിന്ന് ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിയെ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ ബുധനാഴ്ച വൈകീട്ട് മൂന്നുവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ, ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകളാണെന്ന് പ്രതി മൊഴി നൽകി. തന്റെ വീട് മകൾക്ക് നൽകണമെന്ന ആഗ്രഹവും പൊലീസിനോട് ചെന്താമര പങ്കുവെച്ചു.
© Copyright 2024. All Rights Reserved