രാജ്യത്തു മഞ്ഞുവീഴ്ചയും തണുപ്പും കഠിനമാകുന്ന വേളയിൽ ദുരിതം കൂട്ടാൻ നാല് ഇഞ്ച് വരെ മഴയും പെയ്തിറങ്ങും. മണിക്കൂറുകൾക്ക് കൊണ്ട് നാല് ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലകൾക്കുമായി മഴയ്ക്കും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ നിർദ്ദേശങ്ങൾ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മോശം കാലാവസ്ഥ സാരമായി ബാധിക്കുക സ്‌കോട്ട്‌ലണ്ടിനെയാകും. ശക്തമായ മഴ മണ്ണിടിച്ചിലിന് കാരണമാകുന്നതിനാൽ ട്രെയിനുകൾ വേഗത കുറച്ചാകും സഞ്ചരിക്കുക. ട്രാക്കുകളിൽ മരങ്ങളും, അവശിഷ്ടങ്ങളും വീണാൽ ഡ്രൈവർമാർക്ക് ബ്രേക്ക് ചെയ്യാൻ സമയം കിട്ടുമെന്നാണ് നിയന്ത്രണം പ്രഖ്യാപിച്ച നെറ്റ്‌വർക്ക് റെയിൽ വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കം ഇന്നലെ തന്നെ യുകെയുടെ ചില ഭാഗങ്ങളിൽ ബാധിച്ചു.
സൗത്ത് വെസ്റ്റ്, മിഡ്‌ലാൻഡ്‌സ് മേഖലകളെയാണ് ഇത് സാരമായി ബാധിച്ചത്. സോമർസെറ്റിലെ കാരവാൻ പാർക്കിൽ നിന്നും നൂറിലേറെ പ്രായമായ ആളുകളെ അർദ്ധരാത്രിയിൽ വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടുത്തി. സോമർസെറ്റിലെ ക്രൂകേൺ ടണലിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉണ്ടായി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിനും, ലണ്ടനും ഇടയിലുള്ള ട്രെയിനുകൾ തിങ്കളാഴ്ച വരെ റദ്ദാക്കിയിട്ടുണ്ട്.
റോഡുകളിൽ മഴയും, വെള്ളപ്പൊക്കവും മൂലം യാത്ര ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബസ്, ട്രെയിൻ സർവ്വീസുകളെയും കാലാവസ്ഥ ബാധിക്കും. യുകെയുടെ വെസ്റ്റ് ഭാഗങ്ങലിൽ 80 എംഎം വരെ മഴ പെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. സൗത്ത് വെസ്റ്റ്, സൗത്ത് വെയിൽസ്, മിഡ്‌ലാൻഡ്‌സ്, നോർത്തേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങൾ, സ്‌കോട്ട്‌ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത നിലനിൽക്കുന്നത്.
© Copyright 2024. All Rights Reserved