ഹെലൻ അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റർ വേഗതയിലാണ് ആഞ്ഞുവീശിയത്. യുഎസിലെ നാഷണൽ ഹരികെയിൻ സെൻറർ അതീവ ജാഗ്രതാ നിർദേശം നൽകി. പ്രളയത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
-------------------aud-------------------------------
മാറിതാമസിക്കാനുള്ള നിർദേശങ്ങൾ പാലിക്കണമെന്നും അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഫ്ലോറിഡയിലെ അധികൃതർ അറിയിച്ചു. ടാമ്പയിലെ ഹൈവേയിൽ കാറിനു മേൽ സൈൻ ബോർഡ് പതിച്ച് ഒരാൾ മരിച്ചു. ബിഗ് ബെൻഡ് തീരത്തുള്ള എല്ലാവരും അപകട മേഖലയിലാണെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിപ്പ് നൽകി. വീടുകൾ തകരാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കാനും ജലനിരപ്പ് വളരെ വേഗത്തിൽ ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ സ്കൂളുകൾക്ക് അവധി നൽകി. എട്ട് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമായി. ഫ്ലോറിഡയിലെ 8,32,000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു. ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ, അലബാമ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാത്തിരിക്കാൻ ഇനി സമയമില്ലെന്ന് ഫ്ലോറിഡയിലെ മേയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ മേയർ ജോൺ ഡെയ്‌ലി അഭ്യർത്ഥിച്ചു. അറ്റ്ലാൻറയിലെ എല്ലാ വിദ്യാലയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും.
യുഎസിൽ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാൻ ദ്വീപുകളുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായി. മെക്സിക്കോയിൽ കനത്ത മഴയും കാറ്റും കാരണം ചില റിസോർട്ടുകൾ തകർന്നു. ചിലയിടങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെലനെ വ്യത്യസ്തമാക്കുന്നത് അതിൻറെ അസാധാരണമായ വലിപ്പമാണ്. ചുഴലിക്കാറ്റ് കേന്ദ്രത്തിൽ നിന്ന് 275 മൈൽ വരെ നീളുന്നു. അതിനാൽ തന്നെ ആഘാതവും കൂടുതലായിരിക്കും എന്നാണ് അറിയിപ്പ്.
© Copyright 2024. All Rights Reserved