തൃശ്ശൂരിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപി. മണിപ്പുരിലെ പാപക്കറ കിരീടം വെച്ചതുകൊണ്ടോ വഴിപാട് നടത്തിയതുകൊണ്ടോ പ്രധാനമന്ത്രിക്കും ബിജെപിക്കും കഴുകിക്കളയാൻ കഴിയില്ലെന്നും പ്രതാപൻ പറഞ്ഞു.
'മാതാവേ നീ എല്ലാം കാണുന്നവളും കേൾക്കുന്നവളും എല്ലാം നിശ്ചയിക്കുന്നവളുമാണ്. എല്ലാം മാതാവിൻ്റെ കാൽക്കീഴിൽ ഞങ്ങൾ സമർപ്പിക്കുന്നു', പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ലൂർദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത് സംബന്ധിച്ചായിരുന്നു പ്രതാപൻ്റെ പ്രതികരണം.ഇന്ത്യൻ പ്രധാനമന്ത്രി തൃശൂരിൽ യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. പ്രധാനമന്ത്രി മത്സരിക്കാൻ വന്നാൽപോലും തങ്ങൾ സന്നദ്ധമാണ്. ആരാധനാലയങ്ങളിൽ പോകുന്നതും വഴിപാടുകൾ നടത്തുന്നതും വ്യക്തിപരമായ കാര്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രി രണ്ടാംതവണയും തൃശൂരിലെത്തുമ്പോൾ, അദ്ദേഹം മണിപ്പൂരിൽ ഒരു തവണപോലും പോകാത്തതിൽ അതിയായ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകർക്കപ്പെട്ട മണിപ്പൂരിലെ വിശ്വാസികളുടെ ഹൃദയവികാരങ്ങൾ തന്നേപ്പോലുള്ള ദൈവവിശ്വാസികളുടെ ഉള്ളിലിപ്പോഴും ഉണ്ട്. തൃശൂരിലെ വിശ്വാസികളുടെ ഹൃദയത്തിലുമുണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
'അച്ചൻമാരേയും കന്യാസ്ത്രീകളേയും ആക്ഷേിപിച്ചതും വിശ്വാസികളുടെ മനസ്സിലുണ്ട്. അവിടെയൊന്നും ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി എത്തിയില്ല. മണിപ്പൂരിലെ പാപക്കറ ഏതെങ്കിലും കിരീടംകൊണ്ടോ വഴിപാടുകൊണ്ടോ കഴുകിക്കളയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും കഴിയില്ല. അതിന്റെ വേദന മനസ്സിലാക്കിക്കൊടുക്കാൻ പറ്റിയ സ്ഥലം തട്ടിൽ പിതാവിൻ്റെ മണ്ണാണ്', പ്രതാപൻ പറഞ്ഞു.
© Copyright 2023. All Rights Reserved