സമൂഹ മാധ്യമങ്ങളിലൂടെ മണിപ്പൂരിൽ വംശീയ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചതിന് യുകെയിലെ ഇന്ത്യൻ വംശജനെതിരെകേസ്. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ഉദയ് റെഡ്ഡിക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ഒരു പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് .
-------------------aud--------------------------------
മണിപ്പൂരിൽ മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതിനായി റെഡ്ഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പോസ്റ്റുചെയ്യുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ടോക്ക് സെഷനുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. കൂടാതെ പ്രതിയ്ക്ക് കാനഡയിലെ ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
' ഉദയ് റെഡ്ഡി മനഃപൂർവം മെയ്തിയുടെ മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരമായ കാര്യങ്ങളുടെ പേരിൽ മെയ്തികളും മറ്റ് സമുദായങ്ങളും തമ്മിൽ ശത്രുത വളർത്തുകയും ചെയ്തു,' പരാതിക്കാരൻ എഫ്‌ഐആറിൽ ആരോപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെയും കൂട്ടാളികളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളാണെന്നും അതിനാൽ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കാനഡയിലെ ഖാലിസ്ഥാനികളുമായോ നാർക്കോഭീകര ഗ്രൂപ്പുകളുമായോ ബന്ധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രതികളുടെ കോൾ റെക്കോർഡുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ നിയമ നിർവ്വഹണ സംവിധാനങ്ങളെ എങ്ങനെ തടസ്സപ്പെടുത്താമെന്നതിനെ കുറിച്ച് റെഡ്ഡി സോഷ്യൽ മീഡിയയിൽ ഓഡിയോ ചർച്ചകൾ നടത്തിയിരുന്നതായുംഎഫ്‌ഐആറിൽ ആരോപിക്കുന്നു. അതിനാൽ ഇന്ത്യക്കെതിരെ നടത്തിയ ഗൂഢാലോചനസംബന്ധിച്ച് റെഡ്ഡിയുടെ ജോലിസ്ഥലത്തും അന്വേഷണം നടത്തണമെന്നും കേസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കണമെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.
© Copyright 2023. All Rights Reserved