ഇംഫാൽ: സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മണിപ്പൂരിൽ രണ്ട് മരണം. 25 ഓളം പേർക്ക് പരിക്കേറ്റു. കുക്കി-സോ ഗോത്രവർഗക്കാർ കൂടുതലായുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സായുധരായ അക്രമികൾക്കൊപ്പമുള്ള സെൽഫി വൈറലായതിന് പിന്നാലെ ചുരാചന്ദ്പൂർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ സസ്പെന്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.ചുരചന്ദ്പൂർ പോലീസ് സ്റ്റേഷനിലെ സിയാംലാൽ പോൾ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്റ് ചെയ്തത്.
ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളഞ്ഞെന്നും ജില്ലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് പുറത്തുള്ള ബസിനും കെട്ടിടത്തിനും തീയിട്ടു. ജനകൂട്ടം അക്രമാസക്തമായതോടെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം സംഭവത്തെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.ഫെബ്രുവരി 14 നാണ് സിയാംലാൽ അക്രമികൾക്കൊപ്പം സെൽഫി പകർത്തുന്ന ഫോട്ടോസും വീഡിയോസും വൈറലായത്. സിയാംലാൽപോളിനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് എക്സിൽ കുറിച്ചു.ഏകദേശം 300-400 പേരുള്ള ജനക്കൂട്ടം ഇന്ന് പോലീസ് സൂപ്രണ്ട് ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആർ എ എഫ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഇതോടെ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്', മണിപ്പൂർ പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം ഹെഡ് കോൺസ്റ്റബിളിനെ അന്യായമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും തിരിച്ചെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ വ്യാഴാഴ്ച രാത്രി ജില്ലയിൽ നടന്ന സംഭവത്തിന് ചുരാചന്ദ്പൂർ പോലീസ് മേധാവിയാണ് പൂർണ്ണ ഉത്തരവാദിയെന്ന് കുക്കി-സോ സിവിൽ സൊസൈറ്റി ഗ്രൂപ്പ് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐ ടി എൽ എഫ്) ആരോപിച്ചു. നേരത്തേ സംസ്ഥാനത്തെ വംശീയ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് കുക്കി-സോ ഗോത്രങ്ങൾക്ക് ആധിപത്യമുള്ള ചുരാചന്ദ്പൂർ.തങ്ങളുടെ ഗ്രാമങ്ങൾ ആക്രമിക്കുന്നതിൽ സംസ്ഥാന പോലീസിൻ്റെ പങ്കുണ്ടെന്നാണ് കുക്കി-സോ ഗോത്രങ്ങൾ ആവർത്തിച്ച് ആരോപിക്കുന്നത്.
© Copyright 2023. All Rights Reserved