മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രൺബീർ കപൂറിനെതിരെ പരാതിയുമായി അഭിഭാഷകർ. രൺബീറിൻറെ ക്രിസ്മസ് ആഘോഷ വിഡിയോ മതവികാരം വ്രണപ്പെടുത്തുകയും സനാതന ധർമത്തെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടനും കുടുംബാംഗങ്ങൾക്കുമെതിരെ അഭിഭാഷകരായ ആഷിഷ് റായി പങ്കജ് മിശ്ര എന്നിവർ പൊലീസിൽ പരാതി നൽകിയത്.
ക്രിസ്മസ് ആഘോഷത്തിനിടെ കേക്കിലേക്ക് വൈൻ ഒഴിച്ചുകൊണ്ട് രൺബീർ ജയ് മാതാ ദി എന്ന് പറഞ്ഞതാണ് പരാതിക്ക് അടിസ്ഥാനം. ഹിന്ദുക്കൾ മറ്റ് ചടങ്ങുകൾക്ക് മുമ്പ് അഗ്നിയെ ആരാധിക്കാറുണ്ടെന്നും എന്നാൽ മറ്റൊരു മതത്തിൻറെ ആഘോഷത്തിൽ ഹിന്ദു മതത്തിൽ നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾ ബോധപൂർവം ഉപയോഗിക്കുകയും ജയ് മാതാ ദി എന്ന് വിളിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇത്തരം വിഡിയോകൾ പ്രചരിക്കുന്നത് ക്രമസമാധാനം അപകടത്തിലാക്കുമെന്ന് അഭിഭാഷകർ ആരോപിക്കുന്നു. രൺബീറിനെതിരെ, മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യം, അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
© Copyright 2024. All Rights Reserved