റഷ്യൻ ലോകകപ്പ് നിയന്ത്രിക്കാൻ ഫിഫ തെരഞ്ഞെടുത്ത റഫറിമാരിലൊരാളായിരുന്നു മുപ്പത്തിരണ്ടുകാരനായ ഫഹദ് അൽ മിർദാസി.സൗദി കിംഗ്സ് കപ്പ് ഫൈനൽ നിയന്ത്രിക്കാനിരിക്കെയാണ് സൗദി ഫെഡറേഷൻ മിർദാസിയെ നീക്കം ചെയ്തു പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്നു ലോകകപ്പ് റഫറിമാരുടെ പട്ടികയിൽനിന്ന് അൽ മിർദാസിയുടെ പേര് ഒഴിവാക്കാൻ ഫിഫയോടു സൗദി ഫെഡറേഷൻ അഭ്യർഥിച്ചിരുന്നു. ഇതിനെത്തുടർന്ന് അൽ മിർദാസിയെ ഫിഫ ലോകകപ്പ് റഫറിമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. മാത്രമല്ല, മിർദാസിയുടെ അസിസ്റ്റന്റ് റഫറിമാരായിരുന്ന മുഹമ്മദ് അൽ അബകരിക്കും അബ്ദുള്ള അൽ ഷൽവായിക്കിനും അവസരം നിഷേധിച്ചിട്ടുണ്ട്. ഇവർക്കു പകരം യുഎഇയിൽനിന്നും ജപ്പാനിൽനിന്നും അസിസ്റ്റന്റ് റഫറിമാരെ പട്ടികയിലുൾപ്പെടുത്തിയിരിക്കുകയാണ്. മത്സരഫലം അനുകൂലമാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷനാണ് അൽ മിർദാസിക്കു ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷനു കീഴിലുള്ള അച്ചടക്ക, സദാചാര സമിതിയാണ് തീരുമാനമെടുത്തത്. ഇത്തവണ ലോകകപ്പിനായി റഷ്യയിലേക്കു തിരിക്കാനുള്ള ശ്രമത്തിനിടെയാണ് മിർദാസിക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്. മിർദാസി 2011 മുതൽ ഫിഫ പട്ടികയിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്പു നടന്ന ഇത്തിഹാദും അൽ ഫൈസലിയും തമ്മിലുള്ള കിംഗ്സ് കപ്പ് ഫൈനലിന്റെ തലേന്ന് ടൂർണമെന്റ് വിജയിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ക്ലബ്ബുകളിലൊന്നിന്റെ ഒഫീഷ്യലിനോടു മിർദാസി പണം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved