15-ാംമത് യുക്‌മ ദേശിയ കലാമേളയുടെ മുന്നോടിയായി 2024 ഒക്ടോബർ 26നു ശനിയാഴ്ച സാലിസ്ബറിയിൽ വെച്ച് നടത്തപെടുന്ന സൗത്ത് വെസ്റ്റ് റീജിണൽ കലാമേളയ്ക്ക് ഇക്കുറി അംഗ അസോസിയേഷനുകളിൽ നിന്നും അത്യാവേശകരമായ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. മത്സരാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ റിക്കോർഡ് തിരുത്തിക്കുറിച്ച് കൊണ്ടാണ് വർദ്ധനവുണ്ടായിരിക്കുന്നത്. റീജിയണിലെ ബഹുഭൂരിപക്ഷം അംഗ അസോസിയേഷനുകളും ഇക്കുറി അരയും തലയും മുറുക്കിയാണ് രംഗത്തെത്തിയിരിക്കുന്നത്. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും.
-------------------aud--------------------------------
സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ പ്രമുഖ അസ്സോസിയേഷനായ സാലിസ്ബറി മലയാളി അസോസിയേഷനാണ് കലാമേളയ്ക്ക് ഇക്കുറിയും ആതിഥേയത്വം വഹിക്കുന്നത്. കലാമേളയുടെ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റീജിയണൽ പ്രസിഡൻ്റ് സുജു ജോസഫ് അറിയിച്ചു. സാലിസ്‌ബറിയിലെ തന്നെ പ്രശസ്തമായ സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്കൂളിലാണ് ഇക്കുറി കലാമേള അരങ്ങേറുന്നത്. പതിവിലും വിപരീതമായി രാവിലെ എട്ടു മണിയോടെയാകും കലാമേളയ്ക്ക് തുടക്കം കുറിക്കുക. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ സൗത്ത് വെസ്റ്റ് കലാമേളയിൽ സംബന്ധിക്കും. നാല് വേദികളിലായി നടക്കുന്ന കലാമേളയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി റീജിണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യമുള്ള സ്കൂളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ ഭക്ഷണശാലയും ഉണ്ടാകുമെന്ന് ട്രഷറർ രാജേഷ് രാജ് പറഞ്ഞു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്‌മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും 2024 ഒക്ടോബർ 26നു ശനിയാഴ്ച്ച സാലിസ്ബറിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസും സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ജോണും രക്ഷാധികാരി ജോസ് കെ ആൻ്റണിയും അറിയിച്ചു.
© Copyright 2024. All Rights Reserved