മധ്യപ്രദേശിലെ പുതിയ ബി.ജെ.പി സർക്കാരിൻറെ ആദ്യനിയമസഭ സമ്മേളനത്തിന് വിവാദങ്ങളോടെ തുടക്കം. സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമുണ്ടായിരുന്ന മുൻപ്രധാനമന്ത്രി ജവർഹർലാൽ നെഹ്രുവിൻറെ ചിത്രം മാറ്റി പകരം ഭരണഘടന ശിൽപി ഡോ.ബി.ആർ അംബേദ്കറിൻറെ ഛായാചിത്രം സ്ഥാപിച്ചു. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
നേരത്തെ സ്പീക്കറിൻറെ ചെയറിന് ഇരുവശത്തുമായി മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിൻറെയും ചിത്രമാണ് ഉണ്ടായിരുന്നത്. ചരിത്രം മായ്ക്കാൻ എതിരാളികൾ രാവും പകലും പ്രവർത്തിക്കുവെന്ന് കോൺഗ്രസ് ആരോപിച്ചു. ''മധ്യപ്രദേശ് നിയമസഭയിൽ നിന്ന് നെഹ്രുവിൻറെ ചിത്രം നീക്കം ചെയ്തതിനെ ഞങ്ങൾ അപലപിക്കുന്നു'' പാർട്ടി വക്താവ് അബ്ബാസ് ഹഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു." ബിജെപി അധികാരത്തിൽ വന്നത് ദൗർഭാഗ്യകരമാണ്. ചരിത്രം ഇല്ലാതാക്കാൻ ബി.ജെ.പി രാവും പകലും പ്രവർത്തിക്കുന്നു. പതിറ്റാണ്ടുകളായി നിയമസഭയിൽ ഉണ്ടായിരുന്ന രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് ബി.ജെ.പിയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്'' അദ്ദേഹം കുറിച്ചു. നീക്കം ചെയ്ത ചിത്രം ഉടൻ പുനസ്ഥാപിക്കണമെന്നും അല്ലെങ്കിൽ തങ്ങൾ നെഹ്രുവിൻറെ ഫോട്ടോ അതേ സ്ഥലത്ത് വയ്ക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.
പ്രോടേം സ്പീക്കർ ഗോപാൽ ഭാർഗവ പുതിയ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്. ഗന്ധ്‌വാനി സീറ്റിൽ വിജയിച്ച കോൺഗ്രസിൻറെ ഉമംഗ് സിംഗ്ഹാറിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.
© Copyright 2024. All Rights Reserved