ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ഇതു സംബന്ധിച്ച നിയമങ്ങളിൽ പരിഷ്‌ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതൽ മന്ത്രിമാർ എംപി രജിസ്റ്ററിലും രേഖപ്പെടുത്താൻ നിർബന്ധിതരാകും.
-------------------aud--------------------------------
ലേബർ പാർട്ടി നേതാക്കൾക്ക് സ്ഥിരമായി പാരിതോഷികങ്ങൾ നൽകുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി സ്റ്റാർമെറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബർ പാർട്ടി അംഗമായ റോസി ഡഫീൽഡ് എംപി പാർട്ടി വിട്ടിരുന്നു.
എംപിമാർ നിലവിൽ അവരുടെ പാർലമെന്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാൽ 28 ദിവസത്തിനുള്ളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം പറയുന്നത്.
സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ലേബർ അനുഭാവിയായ വഹീദ് അലി 16,000 പൗണ്ട് വിലവരുന്ന വസ്ത്രങ്ങൾ കീർ സ്റ്റാർമറിന് നൽകിയെന്ന് നേരത്തെ വാർത്തയായിരുന്നു. വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുന്നത് സ്വാഭാവികമെന്നാണ് സ്റ്റാർമർ അനുകൂലികൾ ഇതിന് നൽകുന്ന വിശദീകരണം.
2023 ഒക്ടോബറിൽ നൽകിയ സംഭാവനയായ 6,000 പൗണ്ടും 2024 ഫെബ്രുവരിയിൽ നൽകിയ 10,000 പൗണ്ടും ഉൾപ്പെടുത്തിയാൽ, വസ്ത്രങ്ങൾ സമ്മാനമായി നൽകിയതിൽ ഉൾപ്പെട്ടിരിക്കുന്ന ആകെ തുക 32,000 പൗണ്ട് ആണെന്നും ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സമ്മാനങ്ങളെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല.
© Copyright 2024. All Rights Reserved