പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡസ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ നിയമന നടപടികൾ തുടങ്ങാൻ സ്‌കൂൾ സർവീസ് കമ്മിഷനോട് ജസ്റ്റിസ് ദേബാങ്‌സു ബസക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു. മമത ബാനർജി സർക്കാരിനു കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
-------------------aud--------------------------------
നിയമന ക്രമക്കേസിൽ തുടർ അന്വേഷണം നടത്തി, മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ സിബിഐയോട് ഹൈക്കോടതി നിർദേശിച്ചു. ആഹ്ലാദത്തോടെയാണ് കോടതി ഉത്തരവിനോട് ഉദ്യോഗാർഥികൾ പ്രതികരിച്ചത്. വർഷങ്ങളോളം തെരുവിൽ നടത്തിയ പോരാട്ടം ഫലം കണ്ടതായി അവർ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ 9, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിനായി 2016ൽ നടത്തിയ റിക്രൂട്ട്‌മെന്റാണ് വിവാദമായത്. 24,640 ഒഴിവുകളിലേക്കായി 23 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. വ്യാപകമായി ക്രമക്കേട് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിയമനം കോടതിയിലെത്തി. തുടർന്ന് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
സിബിഐ അന്വേഷണ ഉത്തരവിനെതിരെ മമത സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് അനുകൂലമായില്ല. അന്വേഷണത്തിനു പച്ചക്കൊടി നൽകിയ സുപ്രീം കോടതി, ഇതുവരെ നടത്തിയ നിയമനങ്ങൾക്കു താത്കാലിക പരിരക്ഷ നൽകിയിരുന്നു. പുതിയ ബെഞ്ച് രൂപീകരിച്ച് ആറു മാസത്തിനകം തീർപ്പുണ്ടാക്കാൻ ഹൈക്കോടതിക്കു സുപ്രീം കോടതി നിർദേശം നൽകി. തുടർന്നു വാദം കേട്ട ഡിവിഷൻ ബെഞ്ച് മാർച്ച് 20ന് ഹർജികൾ വിധി പറയാൻ മാറ്റുകയായിരുന്നു.
നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
© Copyright 2024. All Rights Reserved