ഒട്ടേറെ പ്രേക്ഷക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കിയ അപ്പൻ എന്ന ചിത്രത്തിന് ശേഷം പൗളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അച്യുതന്റെ അവസാന ശ്വാസം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. നടൻ സണ്ണി വെയ്ൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചത്. നവാഗതനായ അജയ് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ഇക്കോ -കോമഡി ജോണറിലുള്ള ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വായുമലിനീകരണം ലോകത്തെ കാർന്നു തിന്നുന്ന ഈ കാലഘട്ടത്തിൽ വായുവിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓരോ വ്യക്തികളെയും മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് സംവിധായകൻ പറയുന്നു. ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന രോഗിയായ അച്യുതന്റെ കഥയാണ് ചിത്രം പറയുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്.ലോകമെമ്പാടും കോവിഡ് മഹാമാരി ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും. തുടർന്ന് ഉണ്ടാകുന്ന ഓക്സിജൻ ക്ഷാമം അച്ചുതന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.
© Copyright 2024. All Rights Reserved