നികുതികളുടെയും ജനഹിതകരമല്ലാത്ത തീരുമാനങ്ങളുടെയും ഒരു വർഷമായിരിക്കും വരാൻ പോകുന്നതെന്ന സൂചനകളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ നൽകിയത്. ലിവർപൂളിൽ നടക്കുന്ന ലേബർ പാർട്ടി സമ്മേളനത്തിലാണ് അണികളോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ബ്രിട്ടൻ പുനർനിർമ്മാണ പദ്ധതി പൂർത്തിയാകുവാൻ വർഷങ്ങൾ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-------------------aud--------------------------------
നികുതി വർദ്ധനവ് ഉണ്ടാകും എന്ന് തന്നെയാണ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ സൂചിപ്പിച്ചത്. ഒരുപക്ഷെ, അടുത്ത മാസത്തിലെ ബജറ്റിൽ തന്നെ അത് വന്നേക്കാം. ബ്രിട്ടന്റെ സമ്പദ് സ്ഥിതി സുസ്ഥിരമാവുകയും, പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കുകയും ചെയ്യുന്നത് വരെ കുറഞ്ഞ നികുതിയും മെച്ചപ്പെട്ട പൊതുസേവനങ്ങളും ഒത്തുപോവുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ചെറുയാനങ്ങളിൽ ചാനൽ കടന്നെത്തുന്നവർക്ക് അഭയം നൽകുക, ഹരിത നയം നടപ്പിലാക്കുക, പുതിയ ജയിലുകൾ നിർമ്മിക്കുക, വൈദ്യുതി വിതരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി മറ്റു പല നടപടികളും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം. തൊഴിലാളി അവകാശങ്ങൾ എന്നീ മേഖലകളിൽ മന്ത്രിമാർ ഇടപെടലുകൾ നടത്തി നിയന്ത്രണം കരസ്ഥമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടേയും വ്യാപാര - വ്യവസായ സമൂഹത്തിന്റെയും ആത്മവിശ്വാസം ചോർത്തിക്കളയുന്നത് പോലുള്ള നേരത്തെ നടത്തിയ പ്രസ്താവനകളുടെ കേടുപാടുകൾ തീർക്കുന്ന തരത്തിലുള്ളതായിരിക്കും സർ കീർ സ്റ്റാർമറുടെ പ്രസംഗം എന്നായിരുന്നു നേരത്തെ ലേബർ പാർട്ടി അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഇരുണ്ട ഗുഹയുടെ അങ്ങേയറ്റത്ത് ഇത്തിരി വെളിച്ചം എന്ന സമീപനം സ്വീകരിച്ച പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉടനീളം ഊന്നൽ നൽകിയത് താൻ എടുക്കാൻ ഉദ്ദേശിക്കുന്ന കടുത്ത നടപടികൾക്കായിരുന്നു. ബ്രിട്ടന്റെ ഭാവി അനിശ്ചിതത്തിലാണെന്നും, പ്രതീക്ഷയെല്ലാം നഷ്ടപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകരമായ മാറ്റങ്ങളിലൂടെ മാത്രമെ നിങ്ങൾ പ്രതീക്ഷിക്കുന്ന ബ്രിട്ടൻ നിങ്ങളിലെത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻകാർക്കുള്ള വിന്റർ ഫ്യുവൽ പെയ്‌മെന്റ് നിർത്തലാക്കുന്ന നടപടി പൊതുജന വിശ്വാസം ഇല്ലാതെയാക്കി എന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷെ ആ തീരുമാനവുമായി മുൻപോട്ട് പോവുക തന്നെ ചെയ്യും എന്ന സൂചനയാണ് നൽകിയത്. അതേസമയം, താനും മറ്റ് മുതിർന്ന മന്ത്രിമാരും അനുഭവിക്കുന്ന ആനുകൂല്യങ്ങളെയും സൗജന്യങ്ങളെയും കുറിച്ച് ഒന്നും സംസാരിച്ചില്ല. ഭവനരഹിതർക്കും,പ്രായമേറിയവർക്കും, ഗാർഹിക പീഡനങ്ങളിലെ ഇരകൾക്കും വീടുകൾ വെച്ചു നൽകുന്ന ഒരു ഭവന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
അർഹതയില്ലാതെ ആനുകൂല്യങ്ങൾ പറ്റുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് പറഞ്ഞ അദ്ദേഹം, നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുവാൻ തദ്ദേശിയർക്ക് വിവിധ തൊഴിൽ മേഖലകളിൽ ആവശ്യമായ പരിശീലനം നൽകുമെന്നും പറഞ്ഞു. എല്ലാ മേഖലകളിലും വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടു വരിക എന്നതാണ് ഉദ്ദേശ്യം.
© Copyright 2024. All Rights Reserved