ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രമോഷൻ മെറ്റീരിയലുകൾ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഫസ്റ്റ് ലുക്ക്, ടീസർ, ട്രെയിലർ തുടങ്ങിയവ. ഇത്തരം പ്രമോഷൻ മെറ്റീരിയലുകളിലൂടെ ഒരു സിനിമയെ റിലീസിന് മുൻപ് തന്നെ ഏറെക്കുറെ വിലയിരുത്താൻ സാധിക്കും. ഇവയ്ക്കായി ഏറ്റവും പ്രതീക്ഷയോടും ആകാംക്ഷയോടും ആകും ആരാധകർ കാത്തിരിക്കാറുള്ളതും. അത്തരത്തിൽ ഒരു കാത്തിരിപ്പിന് ഇന്ന് വിരാമം ഇടുകയാണ്. മറ്റൊന്നും അല്ല മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ടീസർ എത്തുന്നു .
ഏറെ നാളായി സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്ന അപ്‍ഡേറ്റ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എങ്ങും ആഘോഷമാണ്. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നുതന്നെ ഒരു സിനിമയുടെ ടീസറിന് വാലിബനെക്കാൾ വരവേൽപ്പ് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ടീസർ വരുന്നുവെന്ന് ഔദ്യോഗികായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ, അതായത് രണ്ട് ദിവസം മുൻപ് തന്നെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. "നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ...കളക്ഷൻ റെക്കോർഡുകൾ തകർത്തെറിയുന്ന ബോക്സോഫീസ് തമ്പുരാൻറെ കസേര ഇപ്പോഴും ഭദ്രമായി തന്നെ കയ്യിലുണ്ട്, യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ, മലയാളത്തിന്റെ മോഹൻലാലിന്റെ പുത്തൻ അവതാരം വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് ഒരു കൊടുംകാറ്റ് വരുന്നു", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. അതേസമയം, മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. രാജസ്ഥാനിൽ ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്. സെഞ്ച്വറി ഫിലിംസും ജോൺ മേരി ക്രിയേറ്റീവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നാണ് അനൗദ്യോഗിക വിവരം.
© Copyright 2024. All Rights Reserved