മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിലെ പ്രതികളിലൊരാളും പ്ലാറ്റ്ഫോമിന്റെ ഉടമയുമായ രവി ഉപ്പൽ പിടിയിൽ. ദുബായിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്റർപോൾ മുഖേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.-------------------aud--------------------------------കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ഉപ്പലിനെ ഇന്ത്യയ്ക്ക് കൈമാറാൻ അധികാരികളുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇ.ഡി പറഞ്ഞു. യു.എ.ഇ.യിലെ ഒരു സെൻട്രൽ ഹെഡ് ഓഫീസിൽ നിന്നാണ് മഹാദേവ് വാതുവെപ്പ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നടത്തിയെന്നാണ് കേസ്. ഉപ്പലും മറ്റു പ്രതികളും ചേർന്ന് ഏകദേശം 6,000 കോടി രൂപ നേടിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഒക്ടോബറിൽ ഛത്തീസ്ഗഡിലെ റായ്പൂരിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് കോടതിയിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അടിസ്ഥാനത്തിൽ ഉപ്പലും മറ്റൊരു പ്രൊമോട്ടറായ സൗരഭ് ചന്ദ്രകറും അന്വേഷണം നേരിടുകയാണ്. ഉപ്പലിനെതിരായ കേസുകളും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. വാതുവെപ്പിലൂടെ ലഭിക്കുന്ന പണം ഓഫ്-ഷോർ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസി അന്വേഷകരെയും ആകർഷിക്കുന്നതിനായി വാതുവെപ്പ് വെബ്സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ പണമായി വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
© Copyright 2024. All Rights Reserved