മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ട മരണം .  ആശുപത്രിയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്

11/10/23

48 മണിക്കൂറിനുള്ളിൽ 31 രോഗികൾ മരിച്ച മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള വൃത്തിഹീനമായ ദൃശ്യങ്ങൾ വൈറലാവുന്നു. 16 നവജാത ശിശുക്കളടക്കം 31 പേർ മരിച്ച ദാരുണ സംഭവം നടന്ന മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർ റാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശുചിത്വത്തെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രി കാന്റീനോട് ചേർന്നുള്ള തുറന്ന ഓടയിൽ പന്നികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ച്ചയാണ് സർക്കാർ ആശുപത്രിയിൽ നിന്ന് പുറത്തു വന്ന വീഡിയോയിലുള്ളത്. അലഞ്ഞ് നടക്കുന്ന പന്നികൾക്കരികിലായി രോഗികളുടെ ബന്ധുക്കൾ പല്ല് തേക്കുന്നതും പാത്രങ്ങൾ കഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. തുറന്ന ഓടയിൽ പ്ലാസ്റ്റിക് കുപ്പികളും പൊതികളും അടഞ്ഞു കിടക്കുകയാണ്. 31 പേർ മരിച്ച സംഭവത്തെ തുടർന്ന് ആശുപത്രി സന്ദർശിക്കാൻ എത്തിയ ശിവസേന എംപി വൃത്തിയില്ലാത്ത ശുചിമുറി ഡീനിനെകൊണ്ട് കഴുകിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തികച്ചും അറപ്പ് ഉളവാക്കുന്ന രീതിയിലുള്ള ആശുപത്രി പരിസരത്തിന്റെ വീഡിയോയും പ്രചരിക്കുന്നത്.

പന്നികളുടെ ഈ കൂട്ടവും വൃത്തിയില്ലാത്ത ഓടയും ഇവിടുത്തെ പതിവ് കാഴ്ച്ചയാണെന്നാണ് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ല. ആശുപത്രയിൽ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മരുന്ന് ഉൾപ്പടെ പുറത്തുനിന്നാണ് വാങ്ങുന്നതെന്നും അവർ പരാതി പറയുന്നു. പാവപ്പെട്ടവർ എന്ത് ചെയ്യുമെന്നും അവർ ചോദിക്കുന്നു.

‘ഇവിടെ ഒന്നും കിട്ടാനില്ല, കയ്യിൽ പണമില്ലെങ്കിൽ കുട്ടി മരിക്കും’, മറ്റൊരു സ്ത്രീ നിറകണ്ണുകളോടെ പറയുന്നു. ആശുപത്രിയുടെ പ്രസവ വാർഡിൽ പോയാൽ ഇതിലും ദയനീയമായ കാഴ്ചകൾ കാണാമെന്ന് മറ്റൊരു സ്ത്രീ വീഡിയോയിൽ പറയുന്നു. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു സ്ത്രീ കാന്റീനിൽ നിന്ന് ഓടി വന്ന് ചൂലെടുത്ത് അവിടമാകെ വൃത്തിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ആശുപത്രിയിൽ ആവശ്യത്തിന് ജോലിക്കാരില്ലെന്നും ഒരാളെ തന്നെ ഒന്നിലധികം വാർഡുകൾ ഏൽപ്പിച്ചിരിയ്ക്കുകയാണെന്നും ഒരു തൂപ്പുകാരൻ പറയുന്നു. ഇതാണ് ആശുപത്രിയുടെ ഈ ശോചനീയവസ്ഥക്ക് കാരണമെന്നാണ് അയാൾ പറയുന്നത്. അവശ്യ മരുന്നിൻറെയും ഡോക്ടർമാരുടെയും ക്ഷാമമാണ് കഴിഞ്ഞ ദിവസം നടന്ന മരണങ്ങളുടെ കാരണമായി ചൂണ്ടികാണിച്ചിരുന്നത്. എന്നാൽ അത്രതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ആശപത്രിയുടെ ഈ ശോചനീയാവസ്ഥയും.

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവരുന്ന ഈ ദൃശ്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ തന്നെ ആരോഗ്യ സംവിധനത്തെ ചോദ്യം ചെയ്യുന്നതാണ്. 31 രോഗികൾ മരിക്കുകയും 70 ലധികം പേർ ഗുരുതരാവസ്ഥയിലും കഴിയുന്ന സാഹചര്യത്തിൽ പോലും ആശുപത്രി അധികൃതരോ കേന്ദ്ര- സംസ്ഥന സർക്കാരുകളോ വിഷയത്തെ ഗൗരവമായി കാണുന്നില്ലായെന്നു തന്നെയാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. 

Latest Articles

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu