ഗാസ ഏറ്റെടുക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹമാസ്. 'മിഡില്‍ ഈസ്റ്റില്‍ കുഴപ്പവും പിരിമുറുക്കവും സൃഷ്ടിക്കുന്നതിനുള്ള ഒരു കുറിപ്പടി' എന്നാണ് ട്രംപിന്റെ നിര്‍ദേശത്തെ ഹമാസ് വിശേഷിപ്പിച്ചത്. ഇത് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കും. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
-------------------aud--------------------------------
ഗാസയെ ഏറ്റെടുക്കാനും സ്വന്തമാക്കി രാജ്യാന്തര മേഖലയാക്കി മാറ്റാനും അമേരിക്ക ആഗ്രഹിക്കുന്നുവെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. പലസ്തീൻകാരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന.
'ഗാസയെ യുഎസ് ഏറ്റെടുക്കാം. അതിന്റെ പുനർനിർമാണവും നടത്തും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’. ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചു. ട്രംപിന്റെ തീരുമാനം ഗാസയുടെ ചരിത്രത്തെ മാറ്റിയെഴുതുന്നതാണ്. തീർച്ചയായും ചിന്തിക്കേണ്ടതാണ്. എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രസ്താവനയെ ഈജിപ്തും ജോർദാനും തള്ളി.
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയാണ് വേണ്ടതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന്റെ പൂർത്തീകരണത്തെ ആശ്രയിച്ചിരിക്കും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് എന്നും സൗദി കൂട്ടിച്ചേർത്തു. രണ്ടു രാഷ്ട്രമാണ് പരിഹാരമെന്ന നിലപാടിൽ ഓസ്ട്രേലിയ ഉറച്ചു നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പാർലമെന്റിൽ അറിയിച്ചു.
© Copyright 2024. All Rights Reserved