മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം തയാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നല്കി. ഭരണകൂടം അന്വേഷണ ഏജൻസികളായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ഫോണും ക്യംപൂട്ടറും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത കൂടുന്നതിനെതിരെ മിഡിയ പ്രൊഫഷണൽസ് ഫൗണ്ടേഷൻ നല്കിയ ഹർജിയിലാണ് കോടതി നിലപാട് അറിയിച്ചത്. മാധ്യമപ്രവർത്തകർക്ക് വാർത്താ സ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണ്. മാധ്യമപ്രവർത്തകർക്കെതിരെ എങ്ങനെ റെയ്ഡ് നടത്താം, എന്താക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗരേഖ ആവശ്യമാണ്. തന്നിഷ്ട പ്രകാരം നടപടി എടുക്കാനാവില്ല.
സർക്കാരുകൾ അന്വേഷണ ഏജൻസികളാകുന്നത് അംഗീകരിക്കാനാവില്ല. പിടിച്ചെടുക്കുന്ന ഉപകരണങ്ങളിലുള്ളത് ചോർന്നാൽ അത് മാധ്യമപ്രവർത്തകരുടെ അവകാശങ്ങളുടെ ലംഘനമാകും. ഒരു സർക്കാരിന്റെ നയത്തെ ഇക്കാര്യത്തിൽ മറ്റു സർക്കാരുകൾ പകർത്തുന്ന പ്രവണതയുണ്ടെന്ന പരാമർശവും കോടതി നടത്തി.അന്വേഷണ ഏജൻസികൾക്ക് പരിശോധന നടത്തേണ്ടി വരുമെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വിശേഷ അവകാശമില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. എന്നാൽ ഇതിൽ മാർഗരേഖ അനിവാര്യമാണെന്ന് കോടതി മറുപടി നൽകി. അടുത്തമാസം 6ന് കേസ് പരിഗണിക്കും മുമ്പ് മാർഗരേഖ തയാറാക്കി നൽകണം.
ന്യൂസ് ക്ലിക്ക്, ബിബിസി, ഓൾട്ട് ന്യൂസ്, ദ വയർ തുടങ്ങിയ സ്ഥാപനങ്ങളിലെ റെയ്ഡുകൾ ഏറെ വിവാദമായിരുന്നു. കേരളത്തിലും പൊലീസ് മാധ്യമസ്ഥാപനങ്ങളിൽ കയറി പരിശോധന നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്നു. മറുനാടൻ മലയാളി അടക്കം പല സ്ഥാപനങ്ങളിലെയും എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
© Copyright 2024. All Rights Reserved