പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരടു പിടിച്ചുവലിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമർശങ്ങൾ അംഗീകരിക്കാനാവില്ല. ഹൈക്കോടതി ഉത്തരവ് മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവാദ ഉത്തരവിലെ പരാമർശങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
-----------------------------
ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ കേസിൽ, അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൈക്കോടതി വിധിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് ഗവായ്, ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിലെ ചില പരാമർശങ്ങൾ അനുചിതമാണെന്ന് വേദനയോടെ പറയേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ചു.
വിധി പെട്ടെന്ന് പുറപ്പെടുവിച്ചതല്ലെന്നും, ഏകദേശം നാല് മാസത്തോളം മാറ്റിവെച്ചതിന് ശേഷമാണ് പുറപ്പെടുവിച്ചതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനർത്ഥം മാനസികമായ വിലയിരുത്തലിനും ഉചിതമായ പരിശോധനകൾക്കും ശേഷം പുറപ്പെടുവിച്ചതാണെന്ന് കണക്കാക്കണം. തികച്ചും മനുഷ്യത്വരഹിതമാണത് എന്നും സുപ്രീംകോടതി വിലയിരുത്തി. 'വീ ദ വിമൻ ഓഫ് ഇന്ത്യ' എന്ന എൻജിഒയ്ക്ക് വേണ്ടി അഭിഭാഷക ശോഭ ഗുപ്ത അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി വിധി പരിശോധിച്ചത്.
© Copyright 2025. All Rights Reserved