സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സപ്ലൈകോയ്ക്ക് 3000 കോടിയുടെ കടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സപ്ലൈകോയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ പറഞ്ഞു.
സിപിഐ നേതാവായ ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുന്നു. കേരളത്തിൽ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ആൾക്കാരു മാവേലി സ്റ്റോറിൽ പോകുന്നു. സാധനങ്ങളില്ല, തിരിച്ചു വരുന്നു. വഴിയിൽ നിൽക്കുന്നവർ ചോദിച്ചാൽ പറയും മാവേലിയിൽ പോയിട്ടു വരികയാണെന്ന്. എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ല.
ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിർത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. ആളുകൾക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ പക്ഷം നിർത്താൻ പറ്റും. സപ്ലൈകോയ്ക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കിൽ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേർന്ന് പോരാടണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.സപ്ലൈകോയെ തകർക്കാൻ ശ്രമമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ കുറ്റപ്പെടുത്തി. സപ്ലൈകോയ്ക്ക് പ്രതിസന്ധിയുണ്ട്. കേന്ദ്രസർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയാണ് സപ്ലൈകോ നേരിടുന്ന പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. തകർക്കാൻ ശ്രമിച്ചത് തങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഇതേത്തുടർന്ന് ഭരണ പ്രതിപക്ഷ ബഹളമുണ്ടായി. മന്ത്രിയുടെ മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
© Copyright 2025. All Rights Reserved