മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി എക്സാലോജിക് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. എക്സാലോജിക് ഹർജി സമർപ്പിച്ചിരിക്കുന്നത് എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിലപാട് നിർണായകമാകും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ്. കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ് എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത്. കമ്പനി നിയമവഴിയിൽ നീങ്ങിയത് വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന- സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ്. വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സമർപ്പിച്ചത്. ഷോൺ ജോർജ് മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കും. കെഎസ്ഐഡിസിയുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സമർപ്പിച്ച ഹർജിയും ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
© Copyright 2025. All Rights Reserved