മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിലെ ആദ്യവോട്ടെടുപ്പിൻ്റെ ഫലം 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. മാർപാപ്പയെ തീരുമാനിക്കുന്നതു വരെ ഇതു തുടരും. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും.
വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിൻ്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്‌റ്റ റേയായിരുന്നു മുഖ്യകാർമികൻ.
സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം ദൈവം മറക്കപ്പെടുന്ന സമൂഹത്തിൽ എല്ലാവരുടെയും മനഃസാക്ഷിയെയും ധാർമികവും ആത്മീയവുമായ ഊർജത്തെയും ഉണർത്താൻ കെൽപുള്ള പാപ്പയെ ലഭിക്കാനാണ് പ്രാർഥിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സാന്ത മാർത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങിയ വോട്ടർമാരായ കർദിനാൾമാരെ ഉച്ചതിരിഞ്ഞ് 3.45നാണ് വാഹനത്തിൽ സിസ്റ്റീൻ ചാപ്പലിലേക്ക് എത്തിച്ചത്.
© Copyright 2025. All Rights Reserved