മാൽ ദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പ്രഖ്യാപനത്തെത്തുടർന്ന് മാർച്ച് 15 നകം മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കാൻ തയ്യാറായി ഇന്ത്യ. ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്കായി ഇന്ത്യൻ പ്രതിരോധ സേന ഇരിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
മാൽ ദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിൻ്റെ കണക്കുകൾ പ്രകാരം നിലവിൽ 77 ഇന്ത്യൻ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാൽ ദ്വീപിലുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുയിസു സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ അപകീർത്തികരമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കത്തിനിടയിലാണ് മാൽ ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യം ഒഴിയുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതും. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്നുള്ള 'എക്‌സ്' പോസ്റ്റിന് കീഴെ അപകീർത്തികരമായ കമൻ്റുകൾ രേഖപ്പെടുത്തിയ സംഭവത്തിലാണ് മാലിദ്വീപിലെ മന്ത്രിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. ലക്ഷദ്വീപിന് മാൽ ദ്വീപിന് ബദൽ ടൂറിസ്റ്റ് കേന്ദ്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്ന ആരോപണമാണ് മാൽ ദ്വീപ് ഉയർത്തിയത്.
കഴിഞ്ഞ വർഷമാണ് മുയിസു മാൽ ദ്വീപ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാൽ ദ്വീപ് അകൽച്ച കാണിച്ചു തുടങ്ങിയിരുന്നു. ചൈനയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മുയിസു ഇന്ത്യൻ വിരുദ്ധ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് അധികാരത്തിൽ കയറിയത്. മാലദ്വീപിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ദശാബ്ദം മുമ്പ് ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും നൽകിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേന ഈ വിമാനങ്ങൾ പരിപാലിക്കുകയും മാൽ ദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
© Copyright 2023. All Rights Reserved