ഷെറ്റ്ലാൻഡിലെ ഫോള, ബ്രിട്ടനിലെ ഒരു വിദൂര ദ്വീപാണ്. കാലത്തിനൊപ്പം സഞ്ചരിക്കാത്ത, എന്നും സമയത്തിന് പുറകെ നടക്കാൻ ഇഷ്ടപ്പെടുന്ന 30 ഓളം പേർമാത്രമുള്ള ഒരു ചെറിയ വിഭാഗം ആളുകളാണ് ഇവിടെ താമസിക്കുന്നത് നോർവീജിയൻ ഭാഷ സംസാരിക്കുന്ന ഇവർക്ക് തനതായ ഒരു നോർവീജിയൻ പൈതൃകവും, നാടോടി സംഗീതവും തനത് ഉത്സവങ്ങളുമുണ്ട്. കാലം എത്താൻ വൈകുന്ന ഈ ദ്വീപിൽ ക്രിസ്ത്മസ് ഇനിയുമെത്തിയിട്ടിട്ടില്ല.
ലോകം പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടറല്ല, മറിച്ച് പ്രാചീന ജൂലിയൻ കലണ്ടറാണ് ഇവർ ഇന്നും പിന്തുടരുന്നത്. അതുകൊണ്ടു തന്നെ യൂലെ എന്ന് അവർ വിശേഷിപ്പിക്കുന്ന ക്രിസ്ത്മസ് എത്താൻ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. നമ്മുടെ ജനുവരി 7 ന് ആണ് അവരുടെ ക്രിസ്ത്മസ്. അതുപോലെ ന്യുവർഡേ എന്ന് അവർ വിളിക്കുന്ന ന്യു ഇയർ എത്താൻ പിന്നെയും ഒരാഴ്ച്ച കൂടി സമയമ എടുക്കും.
സാധാരണയായി ക്രിസ്ത്മസ് ആഘോഷിക്കുവാൻ ദ്വീപ് നിവാസികൾ ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടുകയാണ് പതിവ്. അവർ പരസ്പരം സമ്മാനങ്ങൾ നൽകും. നോർവീജിയൻ ഭാഷയുടെ, എന്നോ മരണമടഞ്ഞ ആദിമ രൂപമായ നോൺ എന്ന ഭാഷാശൈലി ഇപ്പോഴും ഉപയോഗിക്കുന്ന അവസാനത്തെ വിഭാഗമാണ് ഫോളയിൽ ഇപ്പോൾ താമസിക്കുന്നത്. തങ്ങൾ ഇന്നും പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ, മറ്റുള്ളവർ എല്ലാവരും മാറിപ്പോയി എന്നാണ് അവർ പറയുന്നത്. തങ്ങൾ കാത്തു സൂക്ഷിക്കുന്നത് ലോകത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവർ എല്ലാവരും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിയപ്പോൾ തങ്ങൾ പാരമ്പര്യത്തോടൊപ്പം ഉറച്ചു നിൽക്കുന്നു എന്നാണ് അവരുടെ അവകാശവാദം.
ബ്രിട്ടനിലെ ഷെറ്റ്ലാൻഡിൽ നിന്നും 16 മൈൽ പടിഞ്ഞാറ് മാറി, സ്‌കോട്ടലാൻഡിൽ നിന്നും നൂറ് മൈൽ വടക്കുമാറിയും സ്ഥിതി ചെയ്യുന്ന കുഞ്ഞ് ദ്വീപാണ് ഫോള. മൂന്നര മൈൽ നീളവും രണ്ടര മൈൽ വീതിയുമാണ് ഈ ദ്വീപിനുള്ളത്. ഒരുകാലത്ത് ഇവിടെ 287 ഓളം ആളുകൾ താമസിച്ചിരുന്നു. ആദിമ നോർവീജിയൻ ഭാഷയിൽ പക്ഷികളുടെ ദ്വീപ് എന്ന് അർത്ഥം വരുന്ന ഫോളയിലായിരുന്നു പ്രശസ്തമായ ''ദി എഡ്ജ് ഓഫ് ദി വേൾഡ്'' എന്ന സിനിമ ചിത്രീകരിച്ചത്.
© Copyright 2024. All Rights Reserved