എൻഎച്ച്എസിൽ ചികിത്സയ്ക്കിടെ ബലാത്സംഗത്തിനും, ലൈംഗിക അതിക്രമങ്ങൾക്കും ഇരകളായെന്ന് ആരോപിച്ച് രോഗികൾ. മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന രോഗികളാണ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമായെന്ന് പരാതിപ്പെടുന്നത്.
2019 മുതൽ 30 മെന്റൽ ഹെൽത്ത് ട്രസ്റ്റുകളിലായി ലൈംഗിക അതിക്രമം, ചൂഷണം, അപമാനം എന്നിങ്ങനെ വിവിധ സംഭവങ്ങളിലായി 20,000 പരാതികളാണ് മുന്നോട്ട് വന്നതെന്ന് സ്‌കൈ ന്യൂസും, ഇൻഡിപെൻഡന്റും ചേർന്ന് നടത്തിയ അന്വേഷണം കണ്ടെത്തി. രോഗികളും, ജീവനക്കാരും ഉൾപ്പെടുന്ന സംഭവങ്ങളാണ് ഇത്. സൈക്യാട്രിക് കെയറിൽ നിന്നും രക്ഷപ്പെട്ട മുൻ ബ്രിട്ടീഷ് യൂത്ത് നീന്തലുകാരി അലെക്‌സിസ് ക്വിന്നാണ് പുരുഷ രോഗികളിൽ നിന്നും ലൈംഗിക പീഡനം നേരിട്ട സംഭവങ്ങളെ കുറിച്ച് പരാതി നൽകിയ വിവരം ആദ്യമായി വെളിപ്പെടുത്തിയത്. എന്നാൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടായില്ലെന്ന് അലെക്‌സിസ് പറയുന്നു. ഇതോടെയാണ് നിരവധി രോഗികളും, അവരുടെ കുടുംബങ്ങളും തങ്ങളുടെ കഥകൾ പറയാൻ തയ്യാറായത്. പുരുഷ ജീവനക്കാരൻ പീഡിപ്പിച്ചതായി ഒരു നിയമ ഗ്രാജുവേറ്റും, അഞ്ച് മാസത്തോളം ലൈംഗിക ചൂഷണത്തിന് വിധേയമായെന്ന് രണ്ട് മക്കളുടെ അമ്മയും വെളിപ്പെടുത്തി. ആയിരക്കണക്കിന് പേർക്കാണ് ഈ വിധത്തിൽ ദുരവസ്ഥ നേരിട്ടതെന്ന് അലെക്‌സിസ് ചൂണ്ടിക്കാണിക്കുന്നു. ഇൻപേഷ്യന്റ് സർവ്വീസുകളിൽ മിക്‌സഡ് സെക്‌സ് പരിചരണം ഒഴിവാക്കുമെന്ന് 2011-ൽ ആരോഗ്യ വകുപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ 12 വർഷത്തിനിപ്പുറവും ഈ പ്രഖ്യാപനം വാഗ്ദാനത്തിൽ ഒതുങ്ങിയെന്നാണ് വ്യക്തമാകുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ സൈക്യാട്രിക് കെയറിൽ നൂറുകണക്കിന് ബലാത്സംഗ കേസുകളും, ലൈംഗിക അതിക്രമങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
© Copyright 2024. All Rights Reserved