ഐപിഎൽ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യൻസ് ക്യാംപിൽ പടലപ്പിണക്കം സജീവമാണ്. 10 വർഷം നായകനായിരുന്ന രോഹിത് ശർമ്മയെ മാറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ അടുത്തിടെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിൽ മുംബൈ ഇന്ത്യൻസും ആരാധകരും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരിക്കേ ടീമിൻറെ ഉപദേഷ്‌ടാവ് സ്ഥാനം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ രാജിവച്ചോ? സച്ചിൻ സ്ഥാനമൊഴിഞ്ഞതായാണ് വിവിധ ട്വീറ്റുകളിൽ കാണുന്നത്. സച്ചിനെ രാജിവെപ്പിച്ചതാണെന്നും പ്രചാരണമുണ്ട്.
സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിലെ മെൻറർ സ്ഥാനം ഒഴിഞ്ഞതായി 2023 ഡിസംബർ 16-ാം തിയതിയാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നടക്കം ആരാധകരുടെ നിരവധി ട്വീറ്റുകൾ ഇതേ കുറിച്ചുണ്ടായി. 'വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സച്ചിൻ മുംബൈ ഇന്ത്യൻസിൻറെ ഉപദേശക സ്ഥാനം ഒഴിഞ്ഞത്. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ സച്ചിൻ ടെൻഡുൽക്കർ അനുകൂലമായിരുന്നില്ല. മുംബൈ ഇന്ത്യൻസ് കുടുംബത്തെ ഹാർദിക് പാണ്ഡ്യ തകർത്തു' എന്നുമാണ് ഒരു ട്വീറ്റിൽ പറയുന്നത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മുംബൈ ഇന്ത്യൻസ് സച്ചിൻ ടെൻഡുൽക്കറെ ഉപദേഷ്‌ടാവ് സ്ഥാനത്ത് നിന്ന് നീക്കിയതായി കേൾക്കുന്നു എന്നാണ് മറ്റൊരു ട്വീറ്റിൽ പറയുന്നത്. എന്നാൽ 2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള സച്ചിൻ ടെൻഡുൽക്കർ വരും എഡിഷനിലും ടീമിനൊപ്പം തുടരും. സച്ചിൻ മുംബൈ ഇന്ത്യൻസിൻറെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞതായും സച്ചിനെ നീക്കിയതായുമുള്ള വാർത്തകൾ വ്യാജമാണ്. 2008 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള സച്ചിൻ 78 മത്സരങ്ങളിൽ 33.83 ശരാശരിയിൽ ഒരു സെഞ്ചുറിയും 13 അർധസെഞ്ചുറികളും സഹിതം 2334 റൺസ് പേരിലാക്കിയിരുന്നു. വിരമിച്ച ശേഷവും മുംബൈ ഇന്ത്യൻസിൻറെ ഡഗൗട്ടിൽ സച്ചിൻറെ സാന്നിധ്യമുണ്ട്.
© Copyright 2024. All Rights Reserved