മുംബൈ ഭീകരാക്രമണത്തിൽ വിചാരണ നേരിടുന്ന പാകിസ്താൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും. ഡിസംബർ രണ്ടാം പകുതിയോടെ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാണയുടെ ഹരജി യു.എസ് കോടതി നിരസിച്ചതിനെ തുടർന്നാണ് കൈമാറ്റ നീക്കം.
-------------------aud--------------------------------
ഇതുസംബന്ധിച്ച് ഇന്ത്യ-യു.എസ് അന്വേഷണ ഏജൻസികൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നും ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ അടുത്തിടെ ഡൽഹിയിലെ യു.എസ് എംബസിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ റാണയെ കൈമാറുന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. കൈമാറ്റം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഇന്ത്യ-യു.എസ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. റാണക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ നിബന്ധനങ്ങൾക്കുള്ളിൽ വരുന്നതാണ്. മുംബൈ ഭീകരാക്രമണ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ഡേവിഡ് ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്താണ് റാണ. 2009 ഒക്ടോബറിൽ ഷിക്കാഗോയിലെ ഒ' ഹെയർ എയർപോർട്ടിൽ വെച്ച് ഹെഡ്‌ലി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് റാണയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ കഴിഞ്ഞ പത്ത് വർഷമായി തെക്കൻ കാലിഫോർണിയയിലെ ടെർമിനൽ ഐലൻഡ് ജയിലിലായിരുന്നു റാണ. എന്നാൽ കോവിഡ് സമയത്ത് രോഗബാധയെ തുടർന്ന് പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂൺ 19 ന് ലോസ് ഏഞ്ചൽസിൽ വച്ച്റാണയെ അറസ്റ്റ് ചെയ്തു. 2021-ൽ കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തീർപ്പാക്കാൻ ബൈഡൻ ഭരണകൂടം ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ എതിർത്തെങ്കിലും വിചാരണക്കായി റാണയെ ഇന്ത്യക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കൈമാറൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ റാണക്ക് 45 ദിവസത്തെ സമയമുണ്ട്.
© Copyright 2024. All Rights Reserved