മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാജിദ് മിർ പാകിസ്ഥാനിലെ ആശുപത്രിയിൽ വെന്റിലേറ്ററിലെന്ന് റിപ്പോർട്ട്. തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്നതിനിടെ ഇയാൾക്ക് വിഷബാധയേറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതീവ ഗുരുതരാവസ്ഥയിൽ ഇയാൾ വെന്റിലേറ്റർ സഹായത്തോടെ കഴിയുകയാണെന്നാണ് വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ പാകിസ്ഥാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി വിധിയോടെ കഴിഞ്ഞ വർഷമാണ് സാജിദ് മിറിനെ കോട് ലഖ്പത് ജയിലിലടച്ചത്. ഇയാളെ ഏതാനും ദിവസം മുമ്പ് പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ജയിലിൽ വെച്ച് വിഷബാധയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണെന്നും പറയപ്പെടുന്നു. ജീവൻ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാളെ മറ്റൊരു ജയലിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടന്നുവരികയായിരുന്നത്രെ. അതേസമയം ജയിലിൽ വെച്ച് വിഷബാധയേറ്റതായുള്ള റിപ്പോർട്ടുകളിൽ വിവിധ കോണുകളിൽ നിന്ന് സംശയവും ഉയർന്നിട്ടുണ്ട്. പാകിസ്ഥാൻ സൈന്യവും പാക് ചാര സംഘടനയായ ഐഎസ്ഐയും തയ്യാറാക്കുന്ന കെട്ടുകഥകളായിരിക്കും ഇതെന്നാണ് ആരോപണം. ലഷ്കറെ ത്വയ്ബ കമാൻഡറായ സാജിദ് മിറിനെതിരെ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സ്വീകരിക്കുന്ന നടപടികൾ തടുക്കാനുള്ള ശ്രമമായിരിക്കാം ഇതിന് പിന്നില്ലെന്ന് സംശയിക്കപ്പെടുന്നുമുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന കുറ്റത്തിനാണ് പാകിസ്ഥാൻ കോടതി ഇയാൾക്ക് എട്ട് വർഷം തടവും 4,20,000 പാകിസ്ഥാൻ രൂപ പിഴയും വിധിച്ചത്. അമേരിക്കയുടെ തീവ്രവാദ പട്ടികയിലുള്ള സാജിദ് മിറിനെ തങ്ങൾക്ക് കൈമാറണമെന്നുള്ള അമേരിക്കയുടെ ആവശ്യം ഒഴിവാക്കാൻ വേണ്ടി അയാൾക്ക് വിഷബാധയേറ്റെന്നും മരണപ്പെട്ടെന്നുമുള്ള വാർത്ത സൃഷ്ടിച്ചേക്കുമെന്നും പലരും സംശയം പ്രകടിപ്പിക്കുന്നു.
അമേരിക്കയുടെ ഫെഡറൽ അന്വേഷണ ഏജൻസി 50 ലക്ഷം ഡോളറാണ് സാജിദ് മിറിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഇയാളെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നും സ്വത്ത് കണ്ടുകെട്ടുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും വേണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയും അമേരിക്കയും ഉന്നയിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved