മുസ്‌ലിംകളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ. ഇതുസംബന്ധിച്ച് രണ്ട് റിപ്പോർട്ടുകൾ ആംനെസ്റ്റി പുറത്തുവിട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃത നിർമാണമെന്നാരോപിച്ച് മദ്രസ തകർത്ത സംഭവം വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ആംനെസ്റ്റിയുടെ റിപ്പോർട്ട്.
'നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് പൊളിക്കും; ഇന്ത്യയിലെ ബുൾഡോസർ രാജ്', 'ഉത്തരവാദിത്തം കണ്ടെത്തൽ; ഇന്ത്യയിലെ ബുൾഡോസർ രാജിൽ ജെ.സി.ബിയുടെ പങ്കും ചുമതലയും' എന്നീ തലക്കെട്ടുകളിലാണ് ആംനെസ്റ്റി റിപ്പോർട്ടുകൾ. ആറ് സംസ്ഥാനങ്ങളിലെ പൊളിക്കലുകളെ കുറിച്ചാണ് ഇവയിൽ വിശദീകരിക്കുന്നത്. നിയമത്തിനതീതമായ ശിക്ഷ എന്ന നിലക്കാണ് അധികൃതർ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അസം, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, ഹരിയാന എന്നിവിടങ്ങളിലെ ബുൾഡോസർ രാജിനെ കുറിച്ചാണ് ആംനെസ്റ്റി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പൊളിക്കലുകൾ നടത്തുന്നവർ നിയമനടപടികളിൽ നിന്നു പോലും സംരക്ഷിതരാണ്. മുംബൈയിലെ മിറ റോഡിൽ രാമക്ഷേത്ര റാലിക്ക് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത സംഭവം ഇതിന് ഉദാഹരണമായി എടുത്തുപറയുന്നു.
© Copyright 2025. All Rights Reserved