വിട്ടുമാറാത്ത മൂടൽമഞ്ഞ്, വിമാനയാത്രകൾ വൈകിപ്പിക്കുന്നത് തുടരുമ്പോൾ, ബ്രിട്ടനിൽ പലയിടങ്ങളിലും റോഡ് ഗതാഗതത്തിനും തടസ്സം നേരിടുന്നുണ്ട്. ഹീത്രൂ, ല്യൂട്ടൺ, മാഞ്ചസ്റ്റർ എന്നീ വിമാനത്താവളങ്ങൾക്കൊപ്പം സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. മൂടൽമഞ്ഞ് മൂലം ചില താത്ക്കാലിക നിയന്ത്രണങ്ങൾ വരുത്തേണ്ടി വന്നതായി യു കെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ സേവന ദാതാവായ നാറ്റ്‌സ് അറിയിച്ചു.
-------------------aud--------------------------------
മൂടൽമഞ്ഞിന് കനം വർദ്ധിച്ചതോടെ പലയിടങ്ങളിലും 100 മീറ്റർ അകലത്തിലുള്ള വസ്തുക്കൾ വരെ കാണാനാകാത്ത സ്ഥിതിയാണ് സംജാതമായത്. പല വിമാനങ്ങളും റദ്ദ് ചെയ്യേണ്ടി വന്നതോടെ ക്രിസ്തുമസ് കാലയാത്രകൾ പലതും അവതാളത്തിൽ ആയിരിക്കുകയാണ്. വിമാനങ്ങൾ വൈകുന്നതും പലർക്കും ദുരിതങ്ങൾ സമ്മാനിക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം വിമാനം വൈകിയാൽ ഭക്ഷണ പാനീയങ്ങൾ ഉൾപ്പടെയുള്ള സഹായങ്ങൾ ലഭിക്കാൻ യാത്രക്കാർക്ക് അവകാശമുണ്ട്.
ഏതായാലും, ഇന്നലെ ബ്രിട്ടനിലെ പലയിടങ്ങളിലും ചെറുതായ രീതിയിൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടു. പുതുവർഷത്തലേന്ന് എത്തുന്ന കനത്ത മഞ്ഞുവീഴ്ചയുടെയും മഴയുടെയും മുൻപുള്ള ഒരു ചെറിയ ഇടവേള മാത്രമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പുതുവർഷത്തലേന്ന് രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കാറ്റും മഴയും മഞ്ഞുവീഴ്ചയുമൊക്കെയായി അസ്ഥിരമായ കാലാവസ്ഥയായിരിക്കും.
© Copyright 2024. All Rights Reserved