ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി പ്രവർത്തനം പുനരാരംഭിക്കുന്നു. പ്യോങ്‌യാങിലുള്ള എംബസിയാണ് മൂന്നര വർഷത്തിനുശേഷം ഇന്ത്യ പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസമാദ്യം ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗം ജീവനക്കാരും പ്യോങ്‌യാങ്ങിലെത്തി എംബസി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി രാജ്യാന്തര മാധ്യമമായ ‘ട്രിബ്യൂൺ ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
-------------------aud--------------------------------
ഏറെക്കാലമായി അടച്ചിട്ടിരുന്ന എംബസിയുടെ അറ്റകുറ്റപ്പണികളും വിവരച്ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. ചാരപ്രവർത്തനത്തിനും വിവരം ചോർത്തലിനും കുപ്രസിദ്ധമായ രാജ്യമാണ് ഉത്തരകൊറിയ. എംബസി പൂർണമായി പ്രവർത്തനസജ്ജമായാലേ സ്ഥാനപതി ഉൾപ്പെടെയുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പ്യോങ്‌യാങിൽ എത്തുകയുള്ളൂ. 2021 ജൂലൈ 2നാണ് അന്ന് അംബാസഡറായിരുന്നു അതുൽ മൽഹാരി ഗോട്‌സർവെയും മുഴുവൻ ഇന്ത്യൻ ജീവനക്കാരും എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയത്. റഷ്യ വഴിയാണ് അന്ന് നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം തിരികെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി ഇതുവരെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഒരൊറ്റ ഇന്ത്യൻ ജീവനക്കാരൻ പോലും കഴിഞ്ഞ മൂന്നര വർഷമായി ഉത്തരകൊറിയയിൽ ഇല്ലെന്ന് ‘ ട്രിബ്യൂൺ ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്യോങ്‌യാങിലെ ഇന്ത്യൻ അംബാസിഡറായിരുന്ന അതുൽ മൽഹാരി ഗോട്‌സർവെയെ കഴിഞ്ഞവർഷം മംഗോളിയയിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ചിരുന്നു.
© Copyright 2024. All Rights Reserved