നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ ഭരണം ബി ജെ പി ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ എ എ പിക്ക് നേരിയ മുൻതൂക്കം നേടാനായെങ്കിലും അധികം വൈകാതെ തന്നെ പാർട്ടി ആസ്ഥാനത്ത് നിരാശ അലയടിക്കാൻ തുടങ്ങി. ദില്ലി തുടർച്ചയായ നാലാം തവണയും ആം ആദ്മി പാർട്ടി ഭരിക്കുമോ എന്ന ചോദ്യമാണ് ആദ്യ ഘട്ടത്തിൽ വന്നതെങ്കിലും പിന്നീട് അങ്ങോട്ട് ബിജെപി നേട്ടമായിരുന്നു കാണാൻ സാധിച്ചത്.
-------------------aud--------------------------------
കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും ദില്ലിയിലെ രാഷ്ട്രീയ കളത്തിൽ ആധിപത്യം സ്ഥാപിച്ചത് ആം ആദ്മി പാർട്ടിയാണ്. 2013 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 31 സീറ്റുകളാണ് ലഭിച്ചിരുന്നത്.അധികാരം ലഭിക്കാൻ ആവശ്യമായ സീറ്റുകളിൽ നിന്നും 5 സീറ്റുകളുടെ കുറവാണ് ബി ജെ പിക്ക് അന്നുണ്ടായിരുന്നത്. എഎപിക്ക് 28 സീറ്റുകളും, കോൺഗ്രസിന് 8 സീറ്റുകളും അന്ന് ലഭിച്ചു. സർക്കാർ രൂപീകരിച്ചെങ്കിലും വെറും 49 ദിവസം മാത്രമാണ് ഭരണം തുടർന്നത്. ഇതേതുടർന്ന് രാജ്യതലസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. 2015 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ നയിച്ച എഎ പാർട്ടി 70 സീറ്റുകളിൽ 67 സീറ്റുകളും നേടി വിജയിച്ചു. അന്ന് ബി ജെ പിക്ക് ലഭിച്ചത് വെറും 3 സീറ്റുകൾ മാത്രമായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എ എ പി കാഴ്ച വെച്ചത് മിന്നും വിജയമാണ്.
70 സീറ്റുകളിൽ 62 സീറ്റും എ എ പി പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും കുറച്ചുകൂടെ മുന്നിലേക്കെത്തി ബി ജെ പി അന്ന് നേടിയത് 8 സീറ്റുകളാണ്. അപ്പോഴും 1998 മുതൽ 2013 വരെ ദില്ലി ഭരിച്ച കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു. മുഖ്യമന്ത്രിയെ ബി ജെ പി പാർലമെൻററി ബോർഡ് തീരുമാനിക്കുമെന്നാണ് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved