വയനാട്ടിലെ മാനന്തവാടിയിൽ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തിൽ സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദർശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.
-------------------aud-----------------------------
സംഭവ സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിക്കാൻ എല്ലാതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉടൻ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ആക്രമണങ്ങളിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജില്ലാ കലക്ടർ എത്താത്തിലും നാട്ടുകാർ പ്രതിഷേധിച്ചു. അതിനിടെ നാട്ടുകാരെ അനുനയിപ്പിക്കാൻ മന്ത്രി ഒ ആർ കേളു സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ കൂക്കിവിളികളോടെ അദ്ദേഹത്തെ തടഞ്ഞു. അനുനയിപ്പിക്കാൻ മന്ത്രിക്ക് പോലും സാധിക്കാത്തവിധം കടുത്ത രോഷത്തിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് മന്ത്രിയെ പൊലീസ് എസ്റ്റേറ്റ് ഓഫീസിലേക്ക് മാറ്റി. വെളുപ്പിന് തേയില നുള്ളാൻ പോകുന്നവരാണ്. നാളെ ഞങ്ങളെയും കൊല്ലില്ലേ, അതുകൊണ്ട് ഇതിന് ഒരു പരിഹാരം വേണം'- നാട്ടുകാർ ആവശ്യപ്പെട്ടു.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുൽപള്ളി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമായാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്. അതേസമയം മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആർആർടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
© Copyright 2024. All Rights Reserved