ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാൻ എത്തുന്നു. കേരളത്തിൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ച് കൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇമെയിൽ ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാൻ അറിയിച്ചു. കേരളത്തിലെ കായിക പ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം കൂടിയാണിത്.
നേരത്തെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി കത്തയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. ജൂലായ് മാസം വരാൻ തയ്യാറാണെന്നാണ് അർജന്റീന ടീം അധികൃതർ ഇമെയിൽ വഴി കേരളത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അർജന്റീന ഫുട്‌ബോൾ അസോസിയേഷനും, കേരള സർക്കാർ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേരളത്തിലേക്ക് വരുന്നതിന്റെ സാമ്പത്തിക അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.വിദേശ ടീമുകൾ കേരളത്തിൽ കളിക്കാനെത്തുമെന്നത് തീർച്ചയാണെന്നും മന്ത്രി പഞ്ഞു. നേരത്തെ സൗഹൃദ മത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു പിൻമാറ്റത്തിനായി കാരണമായത്. ഇതോടെയാണ് അർജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി മന്ത്രി സ്വാഗതം ചെയ്തത്. അതേസമയം അർജന്റീന ടീം കളിക്കാനെത്തും മുമ്പ് ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. മുഖാമുഖം കണ്ട് സംസാരിച്ചാൽ മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്താനാകൂ. അതിനായി അവരോട് സമയം ചോദിച്ചിട്ടുണ്ടെന്നും, നമ്മുടെ ഒരു ടീം അവരെ കാണുമെന്നും മന്ത്രി പറഞ്ഞു. അർജന്റീന ടീം വരാമെന്ന് പറഞ്ഞ ജൂലായ് മാസത്തിൽ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്.മഴ സീസൺ ആയതിനാൽ അക്കാര്യത്തിൽ കുറേ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന പോലൊരു ടീം കേരളത്തിൽ എത്തിയാൽ അത് അപൂർവ നിമിഷമാകുമെന്നും, ആരാധകരുടെ സ്വപ്‌നമാണെന്നും, അതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അബ്ദുറഹ്‌മാൻ വ്യക്തമാക്കി.
© Copyright 2024. All Rights Reserved