എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ്. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ട് വിഎസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് അയച്ചിരിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്. 15 കോടിയിലധികം രൂപയുടെ ക്രമക്കേട് ഉന്നതരുടെ സഹായത്തോടെ എസ്എന്‍ഡിപി ശാഖകള്‍ വഴി നടത്തിയെന്നായിരുന്നു വിഎസിന്റെ പരാതി. ഇത് കൂടാതെ പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ ഉയര്‍ന്ന പലിശ നിരക്കില്‍ നല്‍കി തട്ടിപ്പ് നടത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ആകെ വിജിലന്‍സ് അന്വേഷിച്ച 124 കേസുകളില്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ റദ്ദ് ചെയ്യാനാണ് തീരുമാനമായത്. 54 കേസുകളൂടെ അന്വേഷണം അവസാന ഘട്ടത്തിലാണ്. വിജിലന്‍സ് കോടതിയെ അറിയിച്ചത് വായ്പയായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചുവെന്നും പണം താഴെ തട്ടിലേക്ക് കൈമാറിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ്.
© Copyright 2025. All Rights Reserved