പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഡൽഹി റാലിയിൽ ജാതി സെൻസസിനെ കുറിച്ച് സംസാരിക്കവെയാണ് വിമർശനം ഉന്നയിച്ചത്.
-----------------------------
പിന്നാക്ക സംവരണവും ജാതി സെൻസസിനെ കുറിച്ചും ചോദിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കെജ്രിവാളിനും മറുപടി ഇല്ല. കെജ്രിവാളും പ്രധാനമന്ത്രിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇരുവരും തെറ്റായ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിൽ കോൺഗ്രസും എ.എ.പിയും കൈകോർത്തത് മുതൽ സംഘർഷം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. പ്രധാനമന്ത്രിയും കെജ്രിവാളും പണപ്പെരുപ്പം കുറക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.'ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുകയാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഹിന്ദുവോ, മുസ്ലീമോ, സിഖോ, ക്രിസ്ത്യനോ ആകട്ടെ, ഓരോ ഇന്ത്യക്കാരനെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കും'- രാഹുൽ ഗാന്ധി പറഞ്ഞു. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അർഹത ലഭിക്കാൻ പ്രധാനമന്ത്രി മോദിയും കെജ്രിവാളും ആഗ്രഹിക്കുന്നില്ല. ജാതി സെൻസസിൽ അവർ നിശബ്ദരാണ്. ഡൽഹിയിൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് സംവരണ പരിധി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഴിമതിയും വിലക്കയറ്റവും വർധിച്ചിട്ടും കെജ്രിവാൾ മോദിയുടെ പ്രചാരണ തന്ത്രവും വ്യാജ വാഗ്ദാനങ്ങളും പിന്തുടരുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
© Copyright 2024. All Rights Reserved