പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്(praises) ഖത്തർ മോചിപ്പിച്ച മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ. മോദിയുടെ ഇടപെടലില്ലാതെ മോചനം സാധ്യമായിരുന്നില്ല. ഇന്ത്യാ ഗവൺമെന്റിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഖത്തറിൽ(Qatar) നിന്ന് മടങ്ങിയെത്തിയ ഒരു നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജയിൽ മോചിതരായി തിങ്കളാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഏഴ് പേരും 'ഭാരത് മാതാ കീ ജയ്' മുഴക്കിയാണ് സന്തോഷം അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ചരവൃത്തിക്കേസിൽ അറസ്റ്റിലായ എട്ട് പേരുടെയും വധശിക്ഷ ഖത്തർ കോടതി റദ്ദാക്കിയിരുന്നു. വധശിക്ഷ(death penalty) തടവ് ശിക്ഷയായി കുറച്ചതോടെ ഇവർ മോചനം കാത്തിരിക്കുകയായിരുന്നു.
'ഞങ്ങൾ ഇന്ത്യയിൽ തിരിച്ചെത്താൻ ഏകദേശം 18 മാസത്തോളം കാത്തിരുന്നു. ഞങ്ങൾ പ്രധാനമന്ത്രിയോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലും ഖത്തറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ല. നടത്തിയ എല്ലാ ശ്രമങ്ങൾക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഇന്ത്യാ ഗവൺമെന്റിനോട് നന്ദി പറയുന്നു. ആ ശ്രമങ്ങളില്ലാതെ ഈ ദിവസം സാധ്യമാകുമായിരുന്നില്ല', ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ മറ്റൊരു നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഖത്തർ അമീറിന്റെ ഈ സുപ്രധാന തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, മലയാളിയായ നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ജയിലിൽ കഴിഞ്ഞിരുന്നത്.
© Copyright 2024. All Rights Reserved