പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് ക്രെജ്രിവാളും പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്ങും സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. കേസിൽ ഹാജരാകണമെന്ന് നിർദേശിച്ച് മജിസ്ട്രേറ്റ് കോടതി അയച്ച സമൻസിനെതിരെയാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്. നേരത്തെ ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ക്രെജ്രിവാൾ വാർത്താസമ്മേളനത്തിൽ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർവകലാശാലയാണ് പരാതി നൽകിയത്, സഞ്ജയ് സിങ്ങും സമാനമായ പരാമർശനം നടത്തിയിരുന്നു.
നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങളിലും സമൂഹമാധ്യമങ്ങളിലും നടത്തിയ കമൻ്റുകൾ സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ക്രെജ്രിവാളിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. അപകീർത്തിക്കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രെജ്രിവാൾ സമർപ്പിച്ച ഹരജി കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് കോടതി തള്ളിയിരുന്നു. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ വിചാരണചെയ്യാൻ പാടില്ലെന്നായിരുന്നു ക്രെജ്രിവാളിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിരുന്നില്ല.
നേരത്തെ, മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിൻ്റെ വിവരങ്ങൾ കെജ്രിവാളിന് കൈമാറണമെന്നുള്ള വിവരാവകാശ കമീഷൻ്റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാല ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
© Copyright 2023. All Rights Reserved