രാമക്ഷേത്ര ഉദ്ഘാടനത്തിനായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
''അയോധ്യയിലെ രാമക്ഷേത്രത്തിൽ മോദി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവും? ശ്രീരാമൻ ജീവതത്തിൽ ഒന്നരപ്പതിറ്റാണ്ട് ചെലവഴിച്ചതും യുദ്ധം ചെയ്തതും തന്റെ ഭാര്യയായ സീതയെ രക്ഷപ്പെടുത്താനാണ്. എന്നാൽ മോദി ഭാര്യയെ ഉപേക്ഷച്ചതിന്റെ പേരിൽ പ്രശസ്തനായ ആളാണ്. പിന്നെ എങ്ങനെ അദ്ദേഹത്തിന് പൂജ ചെയ്യാനാകും?''-സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു.
2024 ജനുവരി 22-നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, ബോളിവുഡ് താരങ്ങൾ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രികക്കൊപ്പം നൽകിയ അഫിഡവിറ്റിലാണ് മോദി യശോദ ബെന്നിനെ വിവാഹം ചെയ്തിരുന്നുവെന്ന് സമ്മതിച്ചത്. കൗമാരകാലത്ത് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മോദി വിവാഹം ചെയ്തതെന്നും പിന്നീട് പൂർണമായും രാഷ്ട്രസേവനത്തിനിറങ്ങാൻ തീരുമാനിച്ചതോടെയാണ് അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ചതെന്നും മോദിയുടെ സഹോദരൻ സോംഭായ് മോദി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved