റഷ്യയുടെ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന. റഷ്യൻ സേന തകർത്ത യുക്രെയ്ൻ ഡ്രോണുകളുടെ മാലിന്യം വീണ് മോസ്കോയിലെ ഇന്ധന സംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചു. അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതായി കൊനാകൊവിസ്‌കി ജില്ല മേയർ ഇഗോർ റുദെന്യ അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല.
-------------------aud-------------------------------
മോസ്കോയും പരിസര പ്രദേശങ്ങളും ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രെയ്ൻ പറത്തിയതായി മേയർ സെർജി സൊബ്യാനിൻ പറഞ്ഞു. ശനിയാഴ്‌ച രാത്രി 158 യുക്രെയ്ൻ ഡ്രോണുകളാണ് റഷ്യൻ പ്രതിരോധ സേന തകർത്തത്. റഷ്യയുടെ 15 മേഖലകളിലേക്കാണ് ഡ്രോണുകൾ എത്തിയത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായി ഈയടുത്ത് യുക്രെയ്ൻ പിടിച്ചെടുത്ത കുർസ്‌ക് മേഖലയിൽ 46 ഡ്രോണുകളാണ് നശിപ്പിച്ചത്. 34 ഡ്രോണുകൾ ബ്രയാൻസ്‌ക് മേഖലയിലും 28 എണ്ണം വൊറോനെഷ് മേഖലയിലും 14 എണ്ണം ബെൽഗൊറോഡ് മേഖലയിലും വെടിവെച്ചിട്ടു. മോസ്കോയുടെ വടക്കുപടിഞ്ഞാറുള്ള ത്വർ മേഖലയിലും വടക്കുകിഴക്കുള്ള ഇവാനോവോ മേഖലയിലും ഡ്രോണുകൾ തടഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിൽ മാത്രം ഒതുങ്ങിയിരുന്ന ആക്രമണം റഷ്യയുടെ ഹൃദയ ഭാഗങ്ങളിലേക്ക് യുക്രെയ്ൻ വ്യാപിച്ചിരിക്കുന്നെന്നാണ് പുതിയ സംഭവങ്ങൾ നൽകുന്ന സൂചന.
© Copyright 2024. All Rights Reserved