കൈയിൽ പണം ഉള്ളവർക്ക് ഇപ്പോൾ യുകെയിൽ വീട് വാങ്ങാൻ പറ്റിയ സമയമാണ്. കാരണം ശരാശരി വീട് വിലയിൽ 5000 പൗണ്ട് വരെ ഇടിവ് സംഭവിച്ചിരിക്കുകയാണ്. റൈറ്റ് മൂവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റ്വും പുതിയ കണക്കുകൾ പ്രകാരം, നവംബർ മാസത്തിൽ, ഒരു വീടിന്റെ വിലയിൽ ശരാശരി 5000 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
-------------------aud--------------------------------
യു കെയിൽ ആകമാനം പരിശോധിച്ചാൽ ഒരു ശരാശരി വീടിന് ചോദിക്കുന്ന വില ഇപ്പോൾ 3,66,592 പൗണ്ടാണ്. അതായത്, കഴിഞ്ഞ മാസത്തേക്കാൾ 1.4 ശതമാനം അല്ലെങ്കിൽ 5,366 പൗണ്ട് കുറവ്. സാധാരണയായി ഈ സമയത്ത് വീട് വിലയിൽ ഉണ്ടാകുന്ന കുറവ് 0.8 ശതമാനം ആയിരിക്കും. ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ്. വീടുകൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നവർ ശരത്ക്കാല ബജറ്റിനായി കാത്തിരുന്നതായിരുന്നു പ്രധാന കാരണം. ബജറ്റ് പൂർവ്വ ആശങ്കകൾ ബജറ്റാനന്തര നിരാശകളായി മാറിയതോടെ വിപണി ഏതാണ്ട് നിശ്ചലമാകുന്ന അവസ്ഥയിൽ എത്തി. അതുകൊണ്ടു തന്നെയാണ് സാധാരണ ക്രിസ്ത്മസ് കാലത്ത് വീടുകളുടെ വിലയിൽ ഉണ്ടാകാറുള്ള കുറവിനേക്കാൾ കൂടിയ നിരക്കിൽ ഇപ്പോൾ വീടുകൾക്ക് വില കുറയുന്നത്. മോർട്ട്‌ഗേജ് നിരക്ക് അടുത്തെങ്ങും കുറയില്ല എന്ന് മാത്രമല്ല, അധികം വൈകാതെ വർദ്ധിക്കാനും ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
പുതിയ ഫിക്സ്ഡ് നിരക്ക് മോർട്ട്‌ഗേജുകളുടെ വില കൂടിക്കൂടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ബജറ്റിലെ നില നയങ്ങൾ വായ്പാ ദാതാക്കളെ ഫിക്സ്ഡ് ഡീലുകളുടെ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുകയാണെങ്കിൽ ഇനിയും കുറേക്കാലം കൂടി മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത.
© Copyright 2024. All Rights Reserved