പലിശ നിരക്ക് കുറയുന്നതും കാത്തിരുന്നവർക്ക് തിരിച്ചടിയായി മോർട്ട്‌ഗേജ് നിരക്കുകൾ വർധിപ്പിച്ച് പ്രധാന ബാങ്കുകൾ. ഇന്ന് മുതൽ വിവിധ ഹോം ലോൺ ഡീലുകളുടെ നിരക്ക് വർധിപ്പിക്കുന്നതായി ബാർക്ലേസും, ഹാലിഫാക്‌സും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ നാറ്റ്‌വെസ്റ്റും, ഈയാഴ്ച ആദ്യം സാൻടാൻഡറും, ടിഎസ്ബിയും നിരക്ക് കൂട്ടിയിരുന്നു.
-------------------aud--------------------------------
ബാർക്ലേസിന്റെ മിക്ക ഫിക്‌സഡ് റേറ്റ് ഡീലുകളും 0.2 ശതമാനം പോയിന്റ് വർധനവാണ് നേരിടുക. 40 ശതമാനം ഡെപ്പോസിറ്റുള്ളവർക്ക് വിപണിയിലെ രണ്ടാമത്തെ താഴ്ന്ന നിരക്കുള്ള അഞ്ച് വർഷത്തെ ഫിക്‌സഡ് ഡീൽ ഓഫർ ചെയ്യുന്നത് ബാർക്ലേസായിരുന്നു. എന്നാൽ ഇന്ന് മുതൽ ഈ ഡീൽ 3.96 ശതമാനത്തിലേക്ക് വർദ്ധിക്കും.
കൂടാതെ 25 ശതമാനം ഡെപ്പോസിറ്റുമായി വീട് വാങ്ങുന്നവർക്കുള്ള 3.85 ശതമാനം ഡീൽ ഇന്ന് മുതൽ 4.05 ശതമാനത്തിലേക്കും ഉയരും. 10 ശതമാനം ഡെപ്പോസിറ്റുള്ളവരുടെ 4.39 ശതമാനത്തിന്റെ ഡീൽ 4.59 ശതമാനമായാണ് കൂടുക.
രണ്ട് വർഷത്തെ ഫിക്‌സഡ് ഡീലുകളും വർധന നേരിടുകയാണ്. രണ്ട് വർഷത്തെ ഫിക്‌സഡ് റേറ്റിനുള്ള 3.9 ശതമാനം നിരക്കുകൾ 4.1 ശതമാനമായാണ് ഉയർത്തുന്നത്. ഇതോടെ 4 ശതമാനത്തിൽ താഴെ രണ്ട് വർഷത്തെ ഹോം ലോൺ ഓഫർ ചെയ്യുന്നത് സാൻടാൻഡറും, നേഷൻവൈഡും മാത്രമാകും.
ബാർക്ലേസ് നീക്കം പരസ്യമായതിന് പിന്നാലെ ഹാലിഫാക്‌സും നിരക്ക് കൂട്ടി. ഇന്ന് മുതൽ രണ്ട് വർഷത്തെയും, അഞ്ച് വർഷത്തെയും ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകൾക്ക് 0.11 മുതൽ 0.24 ശതമാനം പോയിന്റ് വർധന നടപ്പാക്കുമെന്ന് ലെൻഡർ പ്രഖ്യാപിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved