മ്യാൻമർ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നതിൽ മിസോറം, മണിപ്പൂർ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. മ്യാൻമർ ജനതയ്ക്ക് അഭയം ഒരുക്കുമ്പോൾ ആ അവസരം മുതലെടുത്ത് ഇന്ത്യ വിരുദ്ധ ശക്തികൾ രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. മ്യാൻമർ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെയാണ് മ്യാൻമറിൽ നിന്നെത്തുന്നവർക്ക് മണിപ്പൂരും മിസോറാമും അഭയം നൽകാൻ തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തികളിൽ ജാഗ്രത പുലർത്തണമെന്ന് അസം റൈഫിൾസ് അടക്കമുള്ള സുരക്ഷ ഏജൻസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് മ്യാൻമർ. 1643 കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യ- മ്യാൻമർ അതിർത്തിക്കുള്ളത്. ഇതിൽ 1472 കിലോമീറ്റർ കൃത്യമായി വേർതിരിച്ചിട്ടുണ്ട്.
നിലവിലുള്ള നിരീക്ഷണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നൂറ് കിലോമീറ്ററിൽ സ്മാർട്ട് വേലി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മ്യാൻമർ സൈന്യവും ജനാധിപത്യ അനുകൂല വിമത സംഘവും തമ്മിൽ ആരംഭിച്ച വെടിവയ്പ് ശക്തമായതോടെ 2500 മുതൽ അയ്യായിരം വരെ ആളുകൾ മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് നിന്ന് മിസോറമിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.
ചിൻ സംസ്ഥാനത്തെ രണ്ട് സൈനിക കേന്ദ്രങ്ങൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് എന്ന സംഘടന പിടിച്ചെടുത്തതോടെ 43 മ്യാൻമർ സൈനികരും മിസോറമിൽ അഭയം തേടിയിട്ടുണ്ട്. നാൽപ്പത് സൈനികരെ അസം റൈഫിൾസ് മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് പിന്നീട് കൈമാറി. മ്യാൻമറിലെ കലാപങ്ങൾ നമ്മുടെ രാജ്യത്തേക്കും വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സുരക്ഷ ഏജൻസികൾ തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൽ അത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. മിസോറമിലെയും മണിപ്പൂരിലെയും രാജ്യാന്തര അതിർത്തികളിലാണ് പ്രശ്നങ്ങൾ ഏറെയും. മ്യാൻമറിലെ സംഘർഷം ഇരുവശത്തും ഇതുവരെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളും നമുക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചില പൊലീസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും വിമതർ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മിക്കയിടങ്ങും കലാപ ബാധിതമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയുയർന്നിട്ടുണ്ട്. കുറച്ച് സ്ഥലത്ത് മാത്രമാണ് വേലികൾ സ്ഥാപിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നമ്മുടെ സൈന്യത്തിന് എല്ലായിടവും കണ്ണെത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
© Copyright 2024. All Rights Reserved