അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം നൽകുമെന്ന് കേന്ദ്ര സർക്കാർ. സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം മൻമോഹൻ സിങ്ങിന്റെ കുടുംബത്തെയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
-------------------aud--------------------------------
ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചത്. നേരത്തെ സ്മാരകമുയർത്താൻ കഴിയുന്ന സ്ഥലത്ത് മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നടത്തണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഡോ.മൻമോഹൻസിങ് രാജ്യത്തിനു നൽകിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. മന്ത്രി സഭായോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മല്ലികാർജുൻ ഖാർഗെയെയും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെയും സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
© Copyright 2024. All Rights Reserved