''ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായി സാമ്യമില്ല, കഥയും കഥാപരിസരവും തികച്ചും സാങ്കൽപികമാണ്...'', തുടങ്ങിയ മുൻകൂർ ജാമ്യത്തോടെയാണ് യാഥാർഥ്യത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ദൃശ്യചിത്രങ്ങളുടെ ആവിഷ്‌കാരങ്ങൾ പ്രേക്ഷകരെ തേടിയെത്തുക. എന്നാൽ ലിവർപൂൾ മലയാളികളുടെ വകയായി നിർമ്മിക്കപ്പെട്ട തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഇത് യഥാർത്ഥത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് എന്ന മുഖവുരയോടെ തന്നെയാണ് ഈ ആഴ്ച കാണികളെ തേടിയെത്തുന്നത്.
മാത്രമല്ല യുകെ ജീവിതത്തിൽ ഓരോ മലയാളിയും നേരിടാൻ ഏറെ സാധ്യതയുള്ള സംഭവം ആയതിനാൽ കുട്ടികൾ ഉള്ള ഓരോ മാതാപിതാക്കളും നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രമെന്ന് അടുത്തിടെ നടന്ന സിറോ മലബാർ ദേശീയ കലാമേളയിൽ ഹ്രസ്വ ചിത്ര വിഭാഗം മത്സരത്തിന് എത്തിയ തിരിച്ചറിവിന്റെ അണിയറ ശിൽപികൾ അവകാശപ്പെടുന്നു. ഏതാനും വർഷം മുൻപ് ഒരു മലയാളി കുടുംബത്തിന് കുട്ടികളെ സോഷ്യൽ വർക്കർ കസ്റ്റഡിയിൽ വിട്ടു നൽകേണ്ടി വന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
-------------------aud--------------------------------
തികച്ചും സാമൂഹിക പ്രസക്തിയുള്ള വിഷയം എന്ന നിലയിലാണ് തിരിച്ചറിവിനെ തങ്ങൾ അണിയിച്ചൊരുക്കിയത് എന്നും മത വിശ്വാസം എന്ന അടിസ്ഥാന ചേരുവയ്ക്ക് പ്രാധാന്യം കുറഞ്ഞത് കൊണ്ട് മാത്രമാണ് മത്സര വിഭാഗത്തിൽ പിന്തള്ളപ്പെട്ടു പോയത് എന്നും ചിത്രത്തിൽ മുഖ്യ റോളിൽ എത്തിയ സൈജു ജോസഫ് വേലംകുന്നേൽ വ്യക്തമാക്കി.
മത്സര വിഭാഗത്തിൽ സമ്മാനം നേടിയില്ലെങ്കിലും യുകെ മലയാളികൾക്ക് തിരിച്ചറിവ് ഒട്ടേറെ നല്ല പാഠങ്ങൾ സമ്മാനിക്കും എന്ന ബോധ്യത്തിലാണ് ഈ ചെറു വീഡിയോ ദൃശ്യാവിഷ്‌കാരം കാണികളെ തേടി എത്തുന്നത്. മത്സരത്തിൽ എത്തിയപ്പോൾ നിബന്ധനകളുടെ ഭാഗമായി പത്തു മിനിറ്റ് ദൈർഘ്യത്തിൽ ആണ് തിരിച്ചറിവ് സ്‌ക്രീനിൽ എത്തിയതെങ്കിലും ഇപ്പോൾ യുട്യൂബ് റിലീസിൽ 18 മിനിറ്റായി വർധിപ്പിച്ചിട്ടുണ്ട്. സാങ്കേതികത്തികവിലെ മേന്മയും തിരിച്ചറിവിനെ മികച്ചതാക്കുന്നുണ്ട്. ലിവർപൂളിലെ മജേഷ് എബ്രഹാം കഥയും സംവിധാനവും ചെയ്ത തിരിച്ചറിവ് എന്ന ഹ്രസ്വചിത്രം മറ്റന്നാൾ 30-ാം തീയതിയാണ് റിലീസിന് ഒരുങ്ങുന്നത്. നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലർക്കും കുടുംബത്തോടും കുട്ടികളോടും ഒപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ സമ്മർദ്ദം ഒക്കെ നാം പലപ്പോഴും അറിഞ്ഞോ അറിയാതെയോ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അത് നിനച്ചിരിക്കാതെ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. തികച്ചും ഇവിടെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നമ്മുടെയൊക്കെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് മജേഷ് ഈയൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
ഇതിലെ മെയിൻ കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് ലിവർപൂളിലെ ആദ്യകാല മലയാളിയായ സൈജു ജോസഫ് വേലംകുന്നേൽ, അതുപോലെ ലിവർപൂളിലെ അറിയപ്പെടുന്ന അവതാരകയും ഗായികയും അഭിനേത്രിയും ഒക്കെയായ സൗമ്യ അനിൽ എന്നിവരാണ്. ഇവരെ കൂടാതെ സിബി ജോർജ്, ജിൻസി പോൾ, പോൾ മംഗലശ്ശേരി, തോമസ് ആന്റണി, സിൽജ അഭിലാഷ്, ഷീനാ മനോജ്, ഷിന്റോ മാത്യു, മജേഷ് അബ്രഹാം, സ്റ്റെൻസ മജേഷ്, ഗോഡ്വിൻ മജേഷ്, ജോയൽ ജോസഫ്, അൽവീന തെരേസ റോബിൻ എന്നിവരും ആണ്. സരിഗമ ഡാൻസ് അക്കാദമിയുടെ ചെയർമാനായ മജേഷ് എബ്രഹാം ഇതിനുമുമ്പും ഒട്ടനവധി ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ ആളാണ്.
© Copyright 2024. All Rights Reserved