കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാർ യാഷിൻറെ ജന്മദിനത്തിന് ബാനർ കെട്ടാൻ കയറിയ മൂന്ന് ആരാധകർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കർണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.
-----------------aud--------------------------------fcf308
യാഷിന്റെ ജന്മദിനത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിനിടെയാണ് മൂന്നുപേർക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമവാസികളാണ്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഞായറാഴ്ച രാത്രി യാഷിന്റെ നിരവധി ആരാധകർ ഗ്രാമത്തിൽ ഒത്തുകൂടി ജനുവരി 8 ന് നടൻറെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി യഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ചരടിൽ കെട്ടിയ ബാനർ ഹൈ-ടെൻഷൻ വയർ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. ബാനർ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചതോടെ മൂന്ന് ആരാധകർക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.
അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷിരഹട്ടി എം.എൽ.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ അന്വഷിച്ചു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കും എന്ന് എംഎൽഎ അറിയിച്ചു.
അതേ സമയം യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടൻ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു. ടോക്സിക് ആണ് യാഷിൻറെ അടുത്ത ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടൈറ്റിൽ ഡിസംബർ 8 നാണ് വെളിപ്പെടുത്തിയത്. 2025 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി.
© Copyright 2023. All Rights Reserved