യുഎഇയിൽ രണ്ട് മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാരെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയ വിവരം മറച്ചുപിടിക്കാൻ ശ്രമിച്ച് വിദേശമന്ത്രാലയം . യുപി സ്വദേശിയായ ഷെഹ്‌സാദി ഖാനെ ഫെബ്രുവരി 15നാണ് വധശിക്ഷയ്‌ക്ക് വിധേയമാക്കിയത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
--------------------------
ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽതേടി ബന്ധുക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്‌ച ഹൈക്കോടതി കേസ് പരിഗണിച്ച ഘട്ടത്തിൽ മാത്രമാണ് ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കിയെന്ന് വിദേശമന്ത്രാലയം അറിയിച്ചത്.
ഷെഹ്‌സാദിയെയും മലയാളികളായ മുഹമദ് റിനാഷ്, മുരളീധരൻ പെരുംത്തട്ടവളപ്പിൽ എന്നിവരെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയ വിവരം ഫെബ്രുവരി 28ന് മാത്രമാണ് യുഎഇ ഇന്ത്യൻ എംബസിയെ അറിയിച്ചതെന്നാണ് അവകാശവാദം. എന്നാൽ അപ്പോഴും അക്കാര്യം പുറത്തുവിടാൻ വിദേശമന്ത്രാലയം തയ്യാറായില്ല. ഷെഹ്‌സാദി വധിക്കപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുപകരം കോടതിയെയാണ് അറിയിച്ചത്.
മലയാളികളുടെ വധശിക്ഷ നടപ്പാക്കിയ വിവരമാകട്ടെ ബുധൻ രാത്രി വൈകി വിദേശമന്ത്രാലയം വാർത്തകൾ ചെയ്യുന്ന മാധ്യമപ്രവർത്തകരെ മാത്രമായി അറിയിക്കുകയായിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുവരെയായി ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരുടെ മോചനത്തിനായി യുഎഇയിലെ എംബസി എന്തുചെയ്തെന്നും വിശദീകരിച്ചിട്ടില്ല.
© Copyright 2024. All Rights Reserved